വൻകൂവർ : കാനഡയിൽ ഇന്ത്യൻ വംശജർക്കെതിരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുന്നു. ബ്രിട്ടിഷ് കൊളംബിയ അബോട്ട്‌സ്‌ഫോർഡിൽ ഇന്ത്യൻ വംശജനായ ടെക്സ്റ്റൈൽ വ്യവസായി വെടിയേറ്റ് കൊല്ലപ്പെട്ടു. പഞ്ചാബിലെ ലുധിയാനയിൽ നിന്നും കാനഡയിലേക്ക് കുടിയേറിയ ദർശൻ സിങ് സാഹ്‌സി (68) ആണ് തിങ്കളാഴ്ച രാവിലെ റിഡ്ജ്‌വ്യൂ ഡ്രൈവിലെ 31300 ബ്ലോക്കിലുള്ള വീടിന് സമീപത്ത് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

വെടിവെപ്പിനെക്കുറിച്ച് വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ അബോട്ട്‌സ്‌ഫോർഡ് പൊലീസ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ വെടിയേറ്റ നിലയിൽ ദർശൻ സിങ് സാഹ്‌സിയെ കണ്ടെത്തി. അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. വെടിവെപ്പ് നടത്തിയയാൾ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ സാഹ്‌സി വരുന്നത് കാത്തിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സാഹ്‌സി തന്‍റെ വാഹനത്തിൽ കയറിയപ്പോൾ, അക്രമി വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടു.

വെടിവെപ്പ് ദർശൻ സിങ് സാഹ്‌സിയെ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. ഇത് ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് സംശയിക്കുന്നതായി അബോട്ട്‌സ്‌ഫോർഡ് പൊലീസ് പറയുന്നു. അതേസമയം തന്‍റെ പിതാവിന് ഭീഷണിയൊന്നും ലഭിച്ചിരുന്നില്ലെന്ന് ദർശൻ സിങ് സാഹ്‌സിയുടെ മകൻ അർപൻ പറയുന്നു. ഇന്‍റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീം കേസന്വേഷണം ഏറ്റെടുത്തു.
