ഓട്ടവ : കാനഡയുടെ ചരിത്രത്തിലെ ഏറ്റവും മോശം കാട്ടുതീ സീസണായ ഈ വർഷത്തെ കാട്ടുതീയിൽ ഔദ്യോഗിക രേഖകൾ നഷ്ടപ്പെട്ട കനേഡിയൻ പൗരന്മാർക്ക് അവ സൗജന്യമായി മാറ്റി നൽകുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. കൂടാതെ കാനഡയിൽ പുതുതായി എത്തിയവർ, താൽക്കാലിക താമസക്കാർ (സന്ദർശകർ, വർക്ക് പെർമിറ്റ് ഉടമകൾ, സ്റ്റഡി പെർമിറ്റ് ഉടമകൾ), സ്ഥിര താമസക്കാർ എന്നിവർക്ക് ഫീസ് ഇളവുകളും അപേക്ഷാ സമയപരിധി നീട്ടിയതും തുടർന്നും ലഭിക്കും.

കാട്ടുതീ ബാധിതരായ വ്യക്തികൾ കാട്ടുതീ ബാധിച്ച പ്രദേശത്ത് താമസിക്കുന്നവർ അല്ലെങ്കിൽ പോലും കാട്ടുതീ ബാധിച്ചതായി സാക്ഷ്യപത്രം നൽകിയാൽ ഈ ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം. നവംബർ 30 വരെ കനേഡിയൻ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും സ്ഥിര താമസ കാർഡുകൾ, പൗരത്വ സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ടുകൾ എന്നിവയും മറ്റ് യാത്രാ രേഖകളും കാട്ടുതീ കാരണം നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ അവ മാറ്റി നൽകും. ഏപ്രിൽ 1-നോ അതിനുശേഷമോ പ്രധാന ഔദ്യോഗിക രേഖകൾ നഷ്ടപ്പെട്ടവർ പുതിയവ നിർമ്മിക്കുന്നതിന് ഇതിനകം പണം നൽകിയിട്ടുണ്ടെങ്കിൽ, റീഫണ്ട് ലഭിക്കുമെന്നും ഐആർസിസി അറിയിച്ചു.

കാട്ടുതീ ബാധിച്ച താൽക്കാലിക താമസക്കാർ, രാജ്യാന്തര വിദ്യാർത്ഥികൾ, താൽക്കാലിക വിദേശ തൊഴിലാളികൾ എന്നിവർ ഉൾപ്പെടെ ഇമിഗ്രേഷൻ രേഖകൾ സൗജന്യമായി പുതുക്കുന്നതിനും അവരുടെ ജോലി അല്ലെങ്കിൽ പഠന പെർമിറ്റ് പുനഃസ്ഥാപിക്കുന്നതിനും അർഹതയുണ്ടെന്നും ഐആർസിസി അറിയിച്ചു. എന്നാൽ, ഓപ്പൺ വർക്ക് പെർമിറ്റിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വർക്ക് പെർമിറ്റ് ഉടമകൾക്ക് ഈ നടപടികൾ ബാധകമല്ലെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
