എഡ്മിന്റൻ : പ്രവിശ്യയിൽ മൂന്നാഴ്ചയായി തുടരുന്ന അധ്യാപക സമരം അവസാനിപ്പിക്കാൻ ബാക്ക്-ടു-വർക്ക് ബിൽ പാസാക്കി ആൽബർട്ട. ചാർട്ടറിലെ ‘നോട്ട്‌വിത്‌സ്റ്റാൻഡിങ് ക്ലോസ്’ ഉപയോഗിച്ചാണ് സ്മിത്ത് സർക്കാർ നിയമം പാസാക്കിയത്. അധ്യാപകരുടെ കൂട്ടായി പ്രതിഷേധിക്കാനുള്ള അവകാശങ്ങൾക്കെതിരെ കടുത്ത അതിക്രമമാണിതെന്നും അധികാര ദുർവിനിയോഗമാണെന്നും ആൽബർട്ട ടീച്ചേഴ്സ് അസോസിയേഷൻ (ATA) പ്രതികരിച്ചു. എന്നാൽ, നിയമം അനുസരിക്കുമെന്നും നിയമപരമായ എല്ലാ വഴികളും ഉപയോഗിച്ച് ഇതിനെ ചോദ്യം ചെയ്യുമെന്നും ATA അറിയിച്ചു.

തിങ്കളാഴ്ച അർദ്ധരാത്രി പാസാക്കിയ ബിൽ (ബിൽ 2) അനുസരിച്ച്, സമരത്തിൽ പങ്കെടുത്താൽ വ്യക്തികൾക്ക് പ്രതിദിനം 500 ഡോളർ വരെയും യൂണിയന് പ്രതിദിനം 5 ലക്ഷം ഡോളർ വരെയും പിഴ ചുമത്തും. വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നതിനാൽ സമരം നിർത്താൻ ധാർമ്മിക ഉത്തരവാദിത്തമുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ഡെമെട്രിയോസ് നിക്കോളൈഡ്സ് പറഞ്ഞു.

അതേസമയം, സർക്കാരിന്റെ ഈ നടപടി സ്വേച്ഛാധിപത്യപരമായ അധികാര ദുർവിനിയോഗമാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഈ നീക്കം അധ്യാപകരുടെ മാത്രം പ്രശ്നമല്ലെന്നും, ഇത് മറ്റ് തൊഴിലാളികളുടെ അവകാശങ്ങളെയും ബാധിക്കുമെന്നും മറ്റ് യൂണിയനുകളുടെ കൂട്ടായ്മയായ ‘കോമൺ ഫ്രണ്ട്’ അറിയിച്ചു. അധ്യാപകരെ പിന്തുണച്ച് സമരം ഉൾപ്പെടെയുള്ള കൂട്ടായ നടപടിക്ക് ഒരുങ്ങുകയാണെന്നും യൂണിയനുകൾ പ്രഖ്യാപിച്ചു. അധ്യാപകരുടെ പ്രധാന ആവശ്യം ക്ലാസ്സുകളിലെ തിരക്ക് കുറയ്ക്കുന്നതിലും വിദ്യാർത്ഥികൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിലും അടിയന്തര നടപടി സ്വീകരിക്കുക എന്നതിലാണ്.
