വൻകൂവർ : ബ്രിട്ടിഷ് കൊളംബിയയിൽ ഡോഗ് ഫുഡുമായി ബന്ധപ്പെട്ട സാൽമൊണെല്ല പകർച്ചവ്യാധിയിൽ ഒരാൾക്ക് കൂടി രോഗം ബാധിച്ചതായി പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡ അറിയിച്ചു. ബ്രിട്ടിഷ് കൊളംബിയയിൽ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഏജൻസി റിപ്പോർട്ട് ചെയ്തു. ആൽബർട്ടയിൽ 14 പേരും ബ്രിട്ടിഷ് കൊളംബിയയിൽ 15 പേരും നോർത്ത് വെസ്റ്റ് ടെറിറ്ററീസിൽ ഒരാളും ഒൻ്റാരിയോയിൽ നിന്നുള്ള രണ്ട് പേരും ഉൾപ്പെടെ ആകെ 32 പേർക്ക് അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ മാസം ആദ്യം, സാൽമൊണെല്ല അണുബാധയ്ക്ക് കാരണമാകുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് “പപ്പി ലവ്”, “പപ്പി വേൾഡ്” ബ്രാൻഡ് പെറ്റ് ട്രീറ്റ് ഉൽപ്പന്നങ്ങൾ ഫെഡറൽ ഏജൻസി തിരിച്ചുവിളിച്ചിരുന്നു. ഈ വർഷം ഫെബ്രുവരി മുതൽ ഒക്ടോബർ വരെ വിറ്റ പപ്പി ലവ് ബീഫ് ച്യൂ, പപ്പി ലവ് ചിക്കൻ ബ്രെസ്റ്റ്, പ്പി ലവ് ചിക്കൻ വിങ് ടിപ്സ്, പപ്പി വേൾഡ് ലാംബ് ലങ് എന്നിവയാണ് തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ. വളർത്തുമൃഗ ഉടമകൾ ഈ ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്ത ഉടൻ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ നന്നായി കഴുകണം. കൂടാതെ നായ്ക്കൾക്ക് ഭക്ഷണം നൽകുന്നതിന് പ്രത്യേക പാത്രങ്ങൾ ഉപയോഗിക്കണമെന്നും ഏജൻസി നിർദ്ദേശിച്ചു.
