ഓട്ടവ : മോർഗെജ്, വാഹന വായ്പകൾ തുടങ്ങിയ ഉയർന്ന ചെലവുകൾ മൂലം ബുദ്ധിമുട്ടുന്ന കനേഡിയൻ കുടുംബങ്ങൾക്ക് ആശ്വാസമായി തുടർച്ചയായി രണ്ടാം തവണ ബാങ്ക് ഓഫ് കാനഡ പ്രധാന പലിശനിരക്ക് 25 ബേസിസ് പോയിൻ്റ് കുറച്ചു. ഇതോടെ സെൻട്രൽ ബാങ്കിന്‍റെ അടിസ്ഥാന പലിശനിരക്ക് 2.25% ആയി കുറഞ്ഞു. സെപ്റ്റംബറിൽ 2.4% ആയി ഉയർന്ന പണപ്പെരുപ്പവും, 7.1% എന്ന ഉയർന്ന തൊഴിലില്ലായ്മ നിരക്കും അടക്കമുള്ള സാമ്പത്തിക ദുർബലതകൾ പരിഹരിക്കാൻ നിരക്ക് കുറയ്ക്കണമെന്ന് സാമ്പത്തിക വിദഗ്ധർ നിർദ്ദേശിച്ചിരുന്നു. സെപ്റ്റംബർ അവസാനത്തിൽ ബാങ്ക് ഓഫ് കാനഡ അതിന്റെ ബെഞ്ച്മാർക്ക് പലിശ നിരക്ക് കാൽ പോയിൻ്റ് കുറച്ച് 2.5 ശതമാനമാക്കിയിരുന്നു. മാർച്ച് മുതൽ തുടർച്ചയായി മൂന്ന് തവണ നിരക്ക് നിലനിർത്തിയതിന് ശേഷമാണ് ഈ വെട്ടിക്കുറക്കൽ ഉണ്ടായത്.

അതേസമയം ഭക്ഷ്യവസ്തുക്കളുടെ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കാനഡയിലുടനീളമുള്ള ഭക്ഷ്യ ബാങ്കുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ഈ മുന്നറിയിപ്പ് പ്രാധാന്യമർഹിക്കുന്നതാണ്.
