വൻകൂവർ : സംഘടിത കുറ്റകൃത്യങ്ങൾ, കൊള്ളയടിക്കൽ എന്നിവയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തി ലോറൻസ് ബിഷ്‌ണോയി സംഘം കാനഡയിലുടനീളം ആക്രമണങ്ങൾ തുടരുന്നു. ഏറ്റവും പുതിയ അക്രമത്തിൽ, ബ്രിട്ടിഷ് കൊളംബിയയിലെ പഞ്ചാബി ഗായകൻ ചാനി നാട്ടന്‍റെ വീടിന് നേരെ വെടിവെപ്പ് നടന്നതായി സാറേ പൊലീസ് റിപ്പോർട്ട് ചെയ്തു. ലോറൻസ് ബിഷ്‌ണോയിയുടെ കൂട്ടാളികൾ വെടിവെപ്പിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. അതേസമയം കഴിഞ്ഞ മാസം കാനഡ ലോറൻസ് ബിഷ്‌ണോയി സംഘത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിരുന്നു.

പഞ്ചാബി ഗായകനായ സർദാർ ഖേരയുമായുള്ള അടുപ്പം വർധിച്ചതിനെത്തുടർന്നാണ് ചാനി നാട്ടനെ ലക്ഷ്യമിട്ടതെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ ബിഷ്‌ണോയി സംഘം വ്യക്തമാക്കി. ബിഷ്‌ണോയി സംഘത്തിലെ അംഗമാണെന്ന് സ്വയം വിശേഷിപ്പിച്ച ഗോൾഡി ധില്ലൺ ആണ് സോഷ്യൽ മീഡിയ പോസ്റ്റിനു പിന്നിൽ. “ഗായകൻ ചന്നി നാട്ടന്‍റെ വീട്ടിൽ വെടിവയ്പ്പിന് കാരണം സർദാർ ഖേരയാണ്. ഭാവിയിൽ സർദാർ ഖേരയ്‌ക്കൊപ്പം പ്രവർത്തിക്കുന്നതോ അദ്ദേഹവുമായി ബന്ധപ്പെടുന്നതോ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഗായകൻ മാത്രമായിരിക്കും ഉത്തരവാദി. കാരണം സർദാർ ഖേരയ്ക്ക് ഞങ്ങൾ കാര്യമായ നാശനഷ്ടങ്ങൾ (ഉപദ്രവം) വരുത്തുന്നത് തുടരും. ചന്നി നാട്ടനുമായി ഞങ്ങൾക്ക് വ്യക്തിപരമായ ശത്രുതയില്ല,” പോസ്റ്റിൽ പറയുന്നു. വെടിവെപ്പിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വീടിന് നേരെ നിരവധി തവണ വെടിയുതിർക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ആർക്കും പരുക്കേറ്റിട്ടില്ല. 1991 ഒക്ടോബർ 31-ന് ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലാണ് ചാനി നാട്ടൻ ജനിച്ചത്. കാനഡയിലേക്ക് കുടിയേറിയ ഒരു പഞ്ചാബി കുടുംബത്തിലെ അംഗമാണ് ഗായകൻ.

സറേയിൽ ബിഷ്‌ണോയി സംഘം ആക്രമണം നടത്തുന്നത് ഇതാദ്യമായിട്ടല്ല. ഒക്ടോബർ 16-ന് നാല് മാസത്തിനുള്ളിൽ മൂന്നാം തവണയും കൊമേഡിയനും നടനുമായ കപിൽ ശർമ്മയുടെ സറേയിലുള്ള കാപ്‌സ് കഫേയ്ക്ക് നേരെ വെടിവെപ്പ് നടന്നിരുന്നു. ഗോൾഡി ദില്ലണും കുൽവീർ (കുൽദീപ്) സിദ്ധുവും സോഷ്യൽ മീഡിയ വഴി ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. കൂടുതൽ സുരക്ഷയോടെ കഫേ വീണ്ടും തുറന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഏറ്റവും പുതിയ ആക്രമണം നടന്നത്. ജൂലൈയിൽ തുറന്ന കഫേ, ജൂലൈ 10 നാണ് ആദ്യമായി ആക്രമിക്കപ്പെട്ടത്. രണ്ടാമത്തെ ആക്രമണം ഓഗസ്റ്റ് 7 നാണ് നടന്നത്.
