ഹാലിഫാക്സ് : അറ്റ്‌ലാൻ്റിക് സമുദ്രത്തിലൂടെ വടക്കോട്ട് അതിവേഗം നീങ്ങുന്ന മെലിസ ചുഴലിക്കാറ്റിനെ തുടർന്ന് അറ്റ്‌ലാൻ്റിക് കാനഡ നിവാസികൾ കനത്ത മഴയെയും ശക്തമായ കാറ്റിനേയും നേരിടാൻ തയ്യാറെടുക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. വാരാന്ത്യത്തിൽ കൊടുങ്കാറ്റ് ബെർമുഡയ്ക്ക് തൊട്ടുപടിഞ്ഞാറായി കടന്നുപോകുകയും കിഴക്കൻ കാനഡയിലേക്ക് നീങ്ങുകയും ചെയ്യും, കാലാവസ്ഥാ നിരീക്ഷകൻ അലക്സ് ഡാസിൽവ അറിയിച്ചു. കൊടുങ്കാറ്റ് വെള്ളിയാഴ്ച വൈകുന്നേരം അല്ലെങ്കിൽ വെള്ളിയാഴ്ച രാത്രിയിൽ ന്യൂഫിൻലൻഡിന് വളരെ അടുത്തായി കടന്നുപോകാൻ സാധ്യതയുണ്ട്, അദ്ദേഹം പറഞ്ഞു. കിഴക്കൻ കാനഡയിലെ ആളുകൾ, പ്രത്യേകിച്ച് ന്യൂഫിൻലൻഡിന്‍റെ കിഴക്കൻ തീരത്തുള്ളവർ, മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനെയും 25-50 മില്ലിമീറ്റർ മഴയെയും നേരിടാൻ തയ്യാറാകണമെന്ന് ഡാസിൽവ മുന്നറിയിപ്പ് നൽകി.

മെലിസ കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഹെയ്തിയിൽ 25 പേർ മരിച്ചു, തീരദേശ പട്ടണമായ പെറ്റിറ്റ്-ഗോവിനടുത്തുള്ള ഒരു നദി കരകവിഞ്ഞൊഴുകുകയും സമീപത്തുള്ള വീടുകളിൽ വെള്ളം കയറുകയും ചെയ്തതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മെലിസയുടെ ഫലമായി ജമൈക്കയുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോവുകയും, മരങ്ങൾ കടപുഴകി വീഴുകയും, വൈദ്യുതി ബന്ധം തകരാറിലാവുകയും ചെയ്തു.
