വാഷിങ്ടൺ : ചെലവ് ചുരുക്കുന്നതിൻ്റെയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിൻ്റെയും ഭാഗമായി ആമസോൺ ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 14,000 ജീവനക്കാരെ പിരിച്ചുവിടാൻ ആമസോൺ ഒരുങ്ങുകയാണ്. 2022-ൽ ഏകദേശം 27,000 പേരെ പിരിച്ചുവിട്ടതിന് ശേഷമുള്ള ഏറ്റവും വലിയ നടപടിയായിരിക്കും ഇത്. എച്ച് ആർ (HR), ഓപ്പറേഷൻസ്, ഡിവൈസസ് ആൻഡ് സർവീസസ്, ആമസോൺ വെബ് സർവീസസ് (AWS) തുടങ്ങിയ വിഭാഗങ്ങളെയാകും പിരിച്ചുവിടൽ ബാധിക്കുക.

വർക്ക് ഫ്രം ഹോം സമ്പ്രദായം വെട്ടിക്കുറച്ച് അഞ്ച് ദിവസവും ഓഫീസിൽ ഹാജരാകാൻ ആമസോൺ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചില ജീവനക്കാർ ഇപ്പോഴും ഇത് പാലിക്കുന്നില്ല. ഈ കാരണങ്ങൾ കൊണ്ടുകൂടിയാണ് ആമസോൺ ഇത്തരത്തിൽ കടുത്ത നടപടികളിലേക്ക് കടക്കുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പിരിച്ചുവിടപ്പെടുന്ന ജീവനക്കാർക്ക് മതിയായ ആനുകൂല്യങ്ങൾ നൽകിയ ശേഷമായിരിക്കും നടപടികൾ പൂർത്തിയാക്കുക.
