വൻകൂവർ : മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യുന്നതിനുള്ള പ്രായം 16 ആയി കുറയ്ക്കണമെന്ന പ്രമേയം തള്ളി വൻകൂവർ സിറ്റി കൗൺസിൽ. മുനിസിപ്പൽ വോട്ടിങ് പ്രായം 18-ൽ നിന്നും 16 ആയി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ പീറ്റ് ഫ്രൈ പ്രമേയം അവതരിപ്പിച്ചിരുന്നു. മൂന്ന് കൗൺസിലർമാർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ അഞ്ച് കൗൺസിലർമാർ എതിർത്തും വോട്ട് ചെയ്തു. രണ്ട് കൗൺസിലർമാരും മേയർ കെൻ സിമ്മും ഹാജരായിരുന്നില്ല.

വിദ്യാഭ്യാസം, തൊഴിൽ, പാർപ്പിടം, കാലാവസ്ഥാ വ്യതിയാനം, ഗതാഗതം എന്നിവയുൾപ്പെടെയുള്ള രാഷ്ട്രീയ തീരുമാനങ്ങൾ യുവാക്കളെ നേരിട്ട് ബാധിക്കുന്നുണ്ടെന്ന് പീറ്റ് ഫ്രൈ പറയുന്നു. 16 ഉം 17 ഉം വയസ്സുള്ള യുവാക്കൾ കൂടുതലായി ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നുണ്ടെന്നും അവർക്ക് രാഷ്ട്രീയത്തിൽ പങ്കെടുക്കാനുള്ള അവസരം ലഭിക്കണമെന്നും അദ്ദേഹം പ്രമേയം അവതരിപ്പിച്ച് പറഞ്ഞു. വോട്ടിങ് പ്രായം കുറയ്ക്കുന്നതിന് വൻകൂവർ ചാർട്ടറിൽ ഭേദഗതി വരുത്താനുള്ള അധികാരം പ്രവിശ്യാ സർക്കാരിനുള്ളതാണ്. അതിനാൽ, പ്രവിശ്യാ മുനിസിപ്പൽ കാര്യ മന്ത്രിയുടെ തീരുമാനം ഇതിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തൽ. 2026 ഒക്ടോബറിൽ നടക്കാനിരിക്കുന്ന അടുത്ത തിരഞ്ഞെടുപ്പിനായി യുവജന പങ്കാളിത്ത സാധ്യതകൾ പഠിക്കാനും ഫ്രൈയുടെ പ്രമേയം ആവശ്യപ്പെടുന്നു

