പാരിസ് : പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് 5 പേർ കൂടി പിടിയിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 7 ആയി. പിടിയിലായവരിൽ ഒരാൾ മ്യൂസിയത്തിനകത്ത് കടന്ന് രത്നങ്ങൾ മോഷ്ടിച്ച നാൽവർ സംഘത്തിൽ ഉൾപ്പെട്ടയാളാണെന്ന് കരുതുന്നു. പാരിസിലും പരിസര പ്രദേശങ്ങളിലുമായി വ്യാഴാഴ്ച രാത്രിയോടെ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായതെന്ന് പബ്ലിക് പ്രൊസിക്യൂട്ടർ ലോ ബേക്കോ അറിയിച്ചു.

ഒക്ടോബർ 19-ന് രാവിലെ മ്യൂസിയം തുറന്ന് അരമണിക്കൂറിനുള്ളിലാണ് ലോകത്തെ ഞെട്ടിച്ച കവർച്ച നടന്നത്. ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപാർട്ടിന്റെയും ചക്രവർത്തിനിയുടെയും അമൂല്യ ആഭരണശേഖരത്തിൽ നിന്നുള്ള ഒൻപത് വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. മോഷ്ടിക്കപ്പെട്ട വസ്തുക്കൾക്ക് 10.2 കോടി ഡോളറാണ് (ഏകദേശം 900 കോടി രൂപ) മൂല്യം കണക്കാക്കുന്നത്. പിടിയിലായ ഒരാളുടെ ഡിഎൻഎ പരിശോധനാ ഫലം മോഷണം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച സാമ്പിളുമായി ഒത്തുപോകുന്നുണ്ടെന്നും പ്രൊസിക്യൂട്ടർ അറിയിച്ചു.

