കാൽഗറി : പുതുതായി തിരഞ്ഞെടുക്കപ്പെട്ട കാൽഗറി മേയർ ജെറോമി ഫാർക്കസും കൗൺസിലും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പുത്തൻ ടീമിനൊപ്പം കാൽഗറി നിവാസികൾക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങുന്നതിൽ താൻ വളരെ ആവേശത്തിലാണെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം ഫാർക്കസ് പ്രതികരിച്ചു. നാല് വർഷത്തെ കാലാവധിയാണ് പുതിയ കൗൺസിലിനുള്ളത്. ആദ്യ വോട്ടെണ്ണലിൽ ഫാർക്കസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കിലും എതിരാളിയായിരുന്ന സോണിയ ഷാർപ്പ് റീ-കൗണ്ടിങ് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. എന്നാൽ പുനഃപരിശോധനയ്ക്ക് ശേഷവും ഫാർക്കാസ് തന്നെ വിജയം ഉറപ്പിക്കുകയായിരുന്നു. അവസാന വോട്ടെണ്ണലിൽ 616 വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഇത് തിരഞ്ഞെടുപ്പ് ദിവസം റിപ്പോർട്ട് ചെയ്തതിനേക്കാൾ 35 വോട്ടുകൾ കൂടുതലാണ്.

അതേസമയം, മേയർ സ്ഥാനത്തേക്കുള്ള ചരിത്രപരമായ മത്സരത്തിന്റെ ഭാഗമായതിൽ അഭിമാനമുണ്ടെന്ന് ഷാർപ്പ് സോഷ്യൽ മീഡിയയിൽ പരാജയം സമ്മതിച്ച് പങ്കുവെച്ച വിഡിയോയിൽ വ്യക്തമാക്കി. ബ്ലാങ്കറ്റ് റീസോണിങ് റദ്ദാക്കുക, കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കുക തുടങ്ങിയ തൻ്റെ പ്രചാരണ വിഷയങ്ങൾ അവർ ആവർത്തിച്ചു.
കിം ടൈയേഴ്‌സ് (വാർഡ് 1), ജോൺ പാന്റാസൊപൗലോസ് (വാർഡ് 6), ഹാരിസൺ ക്ലാർക്ക് (വാർഡ് 9), റോബ് വാർഡ് (വാർഡ് 11), ലാൻഡൺ ജോൺസ്റ്റൺ (വാർഡ് 14) എന്നിവരുൾപ്പെടെ പുതിയ അംഗങ്ങളും, ജെന്നിഫർ വിനസ് (വാർഡ് 2), രാജ് ധാലിവാൾ (വാർഡ് 5), ആന്ദ്രെ ചാബോട്ട് (വാർഡ് 10), ഡാൻ മക്ലീൻ (വാർഡ് 13) എന്നീ നിലവിലെ അംഗങ്ങളും കൗൺസിലിൽ ഉണ്ട്. ആകെ 3,49,815 പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ 39.04 ശതമാനമായിരുന്നു പോളിങ്. നവംബർ 10-നാണ് കൗൺസിലിന്റെ ആദ്യ യോഗം.

