മൺട്രിയോൾ : താരിഫ് പ്രതിസന്ധി രൂക്ഷമായതോടെ ചരക്ക് ഗതാഗതത്തിൽ നഷ്ടം ചൂണ്ടിക്കാട്ടി നാനൂറോളം മാനേജർമാരെ പിരിച്ചുവിട്ട് കനേഡിയൻ നാഷണൽ റെയിൽവേ (സിഎൻ റെയിൽ). കമ്പനിയുടെ യൂണിയനിലുൾപ്പെടാത്ത ജീവനക്കാരിൽ ആറ് ശതമാനത്തിലധികം പേരെയാണ് ഈ തീരുമാനം ബാധിച്ചത്. സ്റ്റീൽ, അലുമിനിയം, വാഹനം, മരം എന്നിവയുടെ ഇറക്കുമതിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ ഉയർന്ന താരിഫുകളാണ് സിഎൻ റെയിലിന്റെ ചരക്ക് ഗതാഗതത്തിൽ കുറവുണ്ടാക്കിയത്.

വ്യാപാര സാഹചര്യത്തിനനുസരിച്ച് കാനഡയിലും യുഎസിലുമുള്ള യൂണിയൻ, മാനേജ്‌മെൻ്റ് ജീവനക്കാരുടെ എണ്ണം കമ്പനി ക്രമീകരിക്കുന്നുണ്ടെന്ന് സിഎൻ റെയിൽ വക്താവ് ആഷ്‌ലി മിച്‌നോവ്‌സ്‌കി അറിയിച്ചു. അതേസമയം, താരിഫ് പ്രശ്‌നങ്ങൾക്കിടയിലും ലാഭം വർധിച്ചതായി എതിരാളികളായ കനേഡിയൻ പസഫിക് കാൻസാസ് സിറ്റി ലിമിറ്റഡ് (CPKC) കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ കമ്പനിയായ സിഎൻ റെയിൽ വെള്ളിയാഴ്ച തങ്ങളുടെ മൂന്നാം പാദ വരുമാനം റിപ്പോർട്ട് ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് ഈ പിരിച്ചുവിടൽ നടപടി.

