ഓട്ടവ: ഫെൻ്റനൈൽ ഉൾപ്പെടെയുള്ള അനധികൃത ഓപിയോയിഡുകൾക്കെതിരെയുള്ള അന്വേഷണങ്ങൾക്ക് നൂറിലധികം സാമ്പത്തിക വിവരങ്ങൾ കൈമാറി Fintrac. കാനഡയിൽ ഗുരുതരമായ ഓവർഡോസ് പ്രതിസന്ധിക്ക് കാരണമാകുന്ന മയക്കുമരുന്നിന്റെ വ്യാപനം തടയാനുള്ള കാനഡയുടെ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ഏജൻസിയുടെ (Fintrac) ശ്രമങ്ങളിലെ പ്രധാന ചുവടുവെപ്പാണിത്. ബാങ്കുകൾ, കാസിനോകൾ, റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ എന്നിവരിൽ നിന്ന് ലഭിക്കുന്ന ദശലക്ഷക്കണക്കിന് ഡാറ്റകൾ പരിശോധിച്ചാണ് Fintrac നിയമവിരുദ്ധ ഇടപാടുകൾ കണ്ടെത്തിയത്. തുടർന്ന് വിവരങ്ങൾ RCMP, സ്പൈ ഏജൻസി തുടങ്ങിയ സ്ഥാപനങ്ങൾക്ക് കൈമാറിയതായാണ് റിപ്പോർട്ട്.

യുഎസ് ഭരണകൂടം കാനഡയിൽ നിന്നുള്ള ഫെൻ്റനൈൽ ഒഴുക്കിൽ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് ഏജൻസി പ്രവർത്തനം ഊർജിതമാക്കിയത്. ഓപിയോയിഡ് കേസുകളിലും അന്തർദേശീയ ക്രിമിനൽ സംഘങ്ങളുമായുള്ള സാമ്പത്തിക ഇടപാടുകളിലും അതിവേഗം വിവരങ്ങൾ ലഭ്യമാക്കാൻ Fintrac പ്രത്യേക ടീം രൂപികരിച്ചിരുന്നു. ഫെൻ്റനൈലിന് പുറമെ മനുഷ്യക്കടത്ത്, വാഹന മോഷണം, തീവ്രവാദം എന്നിവയുൾപ്പെടെയുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ഈ വിവരങ്ങൾ സഹായകമായതായി കണ്ടെത്തൽ. നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ വർഷം 23 നോട്ടീസുകൾ നൽകുകയും 2.5 കോടി ഡോളറിലധികം പിഴ ചുമത്തുകയും ചെയ്തതായി Fintrac ഡയറക്ടർ സാറ പാക്വെറ്റ് അറിയിച്ചു.
