ടൊറന്റോ : പ്രവിശ്യയിലെ മുനിസിപ്പാലിറ്റികളിൽ സ്പീഡ് കാമറകൾ നിരോധിക്കുന്ന ബിൽ 56 പാസാക്കി ഒന്റാരിയോ. നിയമസഭയിൽ 69-41 വോട്ടുകൾക്കാണ് ബിൽ പാസായത്. ഡഗ് ഫോർഡ് സർക്കാരിലെ പിസി എംപിപിമാർ ബില്ലിനെ പിന്തുണച്ചു. ചുവപ്പുനാട കുറയ്ക്കാനുള്ളതാണ് ബിൽ എന്നാണ് സർക്കാർ അവകാശപ്പെടുന്നതെങ്കിലും, സ്പീഡ് കാമറകൾ പണം തട്ടിയെടുക്കാനുള്ള മാർഗമാണെന്ന് പ്രീമിയർ ഡഗ് ഫോർഡിന് അഭിപ്രായമുണ്ടായിരുന്നു. പൊതുചർച്ചകൾ പരിമിതപ്പെടുത്തി ബിൽ അതിവേഗം പാസാക്കിയതിനെതിരെ വിമർശനമുയർന്നെങ്കിലും, തിരഞ്ഞെടുപ്പിലെ വിജയമാണ് തൻ്റെ മാൻഡേറ്റ് എന്ന് ഫോർഡ് മറുപടി നൽകി. എന്നാൽ, തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ സ്പീഡ് കാമറകൾ പൂർണ്ണമായി നിരോധിക്കുമെന്ന് പറഞ്ഞിരുന്നില്ല. മറിച്ച് സുരക്ഷാ മേഖലകളിൽ അവയുടെ ഉപയോഗം സുതാര്യമാക്കുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്.

സ്പീഡ് കാമറകൾക്ക് പകരം സ്പീഡ് ബമ്പുകൾ, റൗണ്ട് എബൗട്ടുകൾ തുടങ്ങിയ ഗതാഗത നിയന്ത്രണ മാർഗ്ഗങ്ങളിലും സൈനേജുകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് സർക്കാർ അറിയിച്ചു. ഒന്റാരിയോയിലെ 10 ശതമാനത്തിൽ താഴെ മുനിസിപ്പാലിറ്റികൾക്ക് മാത്രമേ കാമറകൾ ആവശ്യമുള്ളൂ എന്നും, തങ്ങൾ കൊണ്ടുവരുന്ന പരിഹാരമാണ് കമ്മ്യൂണിറ്റിയെ സുരക്ഷിതമാക്കുന്നത് എന്നും ഫോർഡ് പറഞ്ഞു. റോയൽ അസെൻ്റ് (രാജകീയ അംഗീകാരം) ലഭിക്കുന്നതോടെ ബിൽ തിങ്കളാഴ്ച നിയമമായി മാറും.
