ലണ്ടൻ : വിവാദങ്ങളെത്തുടർന്ന് ആൻഡ്രൂ രാജകുമാരന്റെ രാജകീയ പദവികൾ എടുത്തുമാറ്റി കൊട്ടാരത്തിൽ നിന്ന് പുറത്താക്കാൻ ചാൾസ് രാജാവ് നടപടി തുടങ്ങി. രാജകുടുംബത്തിന് പേരുദോഷം ഉണ്ടാകാതിരിക്കാനാണ് ഈ നീക്കമെന്ന് ബക്കിങ്ങാം കൊട്ടാരം വ്യാഴാഴ്ച ഔദ്യോഗികമായി അറിയിച്ചു. ഇതോടെ ആൻഡ്രു മൗണ്ട്ബാറ്റൻ വിൻഡ്‌സർ എന്ന പേരിലായിരിക്കും അദ്ദേഹം ഇനി അറിയപ്പെടുക. കൊട്ടാരത്തിൽ താമസിക്കാനുള്ള അനുമതി റദ്ദാക്കിയതായും സ്വകാര്യ താമസസ്ഥലത്തേക്ക് മാറണമെന്നും ആവശ്യപ്പെട്ട് രാജാവ് ആൻഡ്രുവിന് കത്തയച്ചിട്ടുണ്ട്.

യുഎസ് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനുമായുള്ള ബന്ധം, വെർജീനിയ ജുഫ്രേ എന്ന സ്ത്രീയുമായുള്ള ലൈംഗികബന്ധവുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾ, ഒരു ചൈനീസ് ചാരനുമായുള്ള ബിസിനസ് ഇടപാടുകൾ എന്നിവയുടെ പേരിലാണ് ആൻഡ്രു വിവാദങ്ങളിൽപ്പെട്ടത്. നേരത്തെ അദ്ദേഹം സ്വമേധയാ രാജകീയ പദവികൾ ഉപേക്ഷിച്ചിരുന്നെങ്കിലും, ‘രാജകുമാരൻ’ എന്ന പദവി നിലനിർത്തിയിരുന്നു. ഈ പദവി കൂടി റദ്ദാക്കുന്നതാണ് ചാൾസ് രാജാവിൻ്റെ ഇപ്പോഴത്തെ നടപടി. ഈ നീക്കത്തോടെ ആൻഡ്രുവിന്റെ മുൻഭാര്യ സാറാ ഫെർഗൂസന് അവരുടെ പ്രഭ്വി പദവിയും നഷ്ടമാകും.

