ടൊറൻ്റോ : റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിനുമായി പ്രവിശ്യാ ഡ്രൈവിങ് ലൈസൻസ് യോഗ്യത നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങുകയാണ് ഒൻ്റാരിയോ സർക്കാർ. യോഗ്യതയില്ലാത്തവരോ ഹ്രസ്വകാല സന്ദർശകരോ കൊമ്മേർഷ്യൽ ലൈസൻസുകൾ നേടാൻ അനുവദിക്കുന്ന പഴുതുകൾ അടയ്ക്കുക, വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഓട്ടോമാറ്റിക് ലൈസൻസ് അംഗീകാരം അവസാനിപ്പിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് പുതിയ ബിൽ അവതരിപ്പിച്ചിരിക്കുകയാണ് ഡഗ് ഫോർഡ് സർക്കാർ. സമീപ വർഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത നയ മാറ്റങ്ങളിലൊന്നായാണ് വിദഗ്ദ്ധർ ഇതിനെ കാണുന്നത്. ഒക്ടോബർ 23-ന് അവതരിപ്പിച്ച ഫൈറ്റിങ് ഡിലേസ്, ബിൽഡിങ് ഫാസ്റ്റർ ആക്റ്റ് (ബിൽ 60) വഴി, ഡ്രൈവിങ് ലൈസൻസ് നേടുന്നത് റെസിഡൻസി, ഇമിഗ്രേഷൻ സ്റ്റാറ്റസ്, നിയമപരമായ ജോലി അംഗീകാരം എന്നിവയുമായി നേരിട്ട് ബന്ധിപ്പിക്കാൻ പ്രവിശ്യ ലക്ഷ്യമിടുന്നു. ബിൽ 60 നിലവിൽ ഒൻ്റാരിയോ നിയമസഭയുടെ പരിഗണനയിലാണ്.

ബിൽ 60-ലെ ഷെഡ്യൂൾ 5 (ഹൈവേ ട്രാഫിക് ആക്ട് ഭേദഗതികൾ) നടപ്പിലാക്കുന്നതിലൂടെ പുതിയ ലൈസൻസ് എടുക്കുന്നതിനോ പഴയ ലൈസൻസ് പുതുക്കുന്നതിനോ മുമ്പ് അപേക്ഷകന്‍റെ വീസ, വർക്ക് പെർമിറ്റ്, റെസിഡൻസി എന്നിവ പരിശോധിക്കാൻ ഗതാഗത മന്ത്രിക്ക് അധികാരം നൽകും. കൂടാതെ ട്രാക്ടർ-ട്രെയിലറുകൾ, വലിയ ട്രക്കുകൾ എന്നിവയ്ക്ക് ആവശ്യമായ ക്ലാസ് എ ലൈസൻസിന് യോഗ്യത നേടുന്നതിന് മുമ്പ് ഡ്രൈവർമാർ കാനഡയിൽ ഒരു വർഷം ഡ്രൈവിങ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണമെന്നും നിർദ്ദേശിക്കുന്നു.
