ഓട്ടവ : ഇത്തവണ ഹാലോവീൻ ആഘോഷിക്കാൻ ഒരുങ്ങുന്നവർ തങ്ങളുടെ വസ്ത്രങ്ങൾ വാട്ടർപ്രൂഫ് ആണെന്ന് ഉറപ്പാക്കേണ്ടി വരും. ന്യൂനമർദ്ദത്തെ തുടർന്ന് രാജ്യതലസ്ഥാനത്ത് ഇന്ന് മുതൽ വെള്ളിയാഴ്ച രാത്രി വരെ കനത്ത മഴ പെയ്യുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ഓട്ടവയിൽ 70 മില്ലിമീറ്റർ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മുതൽ വെള്ളിയാഴ്ച രാവിലെ വരെ ഏറ്റവും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ടെന്നും യാത്രാ തടസ്സങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വ്യാഴാഴ്ച പകൽ മുഴുവൻ 6 മുതൽ 15 മില്ലിമീറ്റർ വരെ മഴയും വൈകുന്നേരവും രാത്രിയിലും 20 മുതൽ 30 മില്ലിമീറ്റർ വരെ മഴയും പ്രതീക്ഷിക്കുന്നു. കുറഞ്ഞ താപനില 4 ഡിഗ്രി സെൽഷ്യസാണ്. വെള്ളിയാഴ്ച താപനില 5 ഡിഗ്രി സെൽഷ്യസായിരിക്കും. കൂടാതെ 10 മുതൽ 20 മില്ലിമീറ്റർ വരെ മഴയും പെയ്യും. രാത്രിയിൽ താപനില 2 ഡിഗ്രി സെൽഷ്യസിലേക്ക് താഴും. ശനിയാഴ്ച മേഘാവൃതമായിരിക്കും. ഉയർന്ന താപനില 6 ഡിഗ്രി സെൽഷ്യസും മഴയ്ക്ക് 30% സാധ്യതയുമുണ്ടാകും. ശനിയാഴ്ച രാത്രിയിൽ മൈനസ് 6 ഡിഗ്രി സെൽഷ്യസായിരിക്കും താപനില. ഞായറാഴ്ചത്തെ കാലാവസ്ഥ വെയിലും 5 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
