കെബെക്ക് സിറ്റി : പ്രവിശ്യയിലെ ഡോക്ടർമാർക്ക് പുതിയ ശമ്പള വ്യവസ്ഥ ഏർപ്പെടുത്തിയ നിയമത്തിനെതിരായ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് സാമൂഹ്യ സേവന മന്ത്രി ലയണൽ കാർമന്റ് രാജിവെച്ചു. താൻ കുടുംബത്തിന് കൂടുതൽ പ്രാധാന്യം നൽകാൻ തീരുമാനിച്ചതായി പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ടിനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ കാർമന്റ് വ്യക്തമാക്കി. ഡോക്ടർമാരുടെ പ്രതിഫലം സേവന ലക്ഷ്യങ്ങളുമായി ബന്ധിപ്പിക്കുന്നതും പ്രതിഷേധത്തിൽ നിന്ന് അവരെ വിലക്കുന്നതുമായ ‘ബിൽ 2’ എന്ന പുതിയ നിയമത്തെ ചൊല്ലിയാണ് വിവാദങ്ങൾ ഉയർന്നത്. ഡോക്ടർമാരായ ഭാര്യയും മകളും നിയമത്തെ എതിർക്കുന്നത് വീട്ടിൽ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കാർമന്റ് നേരത്തെ സൂചിപ്പിച്ചിരുന്നു.

നിയമം തിടുക്കത്തിൽ പാസാക്കിയതിൽ ഡോക്ടർമാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിയമം അനുസരിച്ച്, മൂന്നോ അതിലധികമോ ഡോക്ടർമാർ കൂട്ടായി പ്രതിഷേധിച്ചാൽ പ്രതിദിനം 20,000 ഡോളർ വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. ഈ നിയമത്തിനെതിരെ ഫെഡറേഷൻ ഓഫ് മെഡിക്കൽ സ്പെഷ്യലിസ്റ്റ്സ് ഓഫ് കെബെക്ക് (FMSQ) കോടതിയിൽ നിയമപോരാട്ടം ആരംഭിച്ചു. കാർമന്റ് തൻ്റെ ജോലി ജീവിതവും വ്യക്തിജീവിതവും തമ്മിൽ സമ്മർദ്ദത്തിലായിരുന്നു എന്ന് FMSQ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. പാർട്ടിയിൽ നിന്ന് രാജിവെച്ച കാർമന്റ് നിയമസഭയിൽ സ്വതന്ത്ര അംഗമായി തുടരും.

