കിച്ചനർ: ഫെയർവേ സ്റ്റേഷനിൽ നിന്ന് ഡൗൺടൗൺ കേംബ്രിഡ്ജ് വരെ ലൈറ്റ് റെയിൽ ട്രാൻസിറ്റ് (LRT) പൂർണ്ണമായി വികസിപ്പിക്കാൻ ഔദ്യോഗികമായി ശുപാർശ നൽകി വാട്ടർലൂ റീജിനൽ അധികൃതർ. പദ്ധതിയിലൂടെ 17 കിലോമീറ്റർ LRT പാത പൂർത്തിയാകുകയും കേംബ്രിഡ്ജ് കിച്ചനറുമായി ION ലൈറ്റ് റെയിൽ വഴി ബന്ധിപ്പിക്കുകയും ചെയ്യും. റൂട്ടിൽ ഓരോ ഏഴ് മിനിറ്റിലും ട്രെയിൻ സർവീസ് ഉണ്ടാകുമെന്നും യാത്രാസമയം 29 മിനിറ്റായി കുറയുമെന്നും അധികൃതർ അറിയിച്ചു.
LRT വിപുലീകരണത്തിനായി അധികൃതർ മുന്നോട്ട് വെച്ച നാല് സാധ്യതകളിൽ ഫെയർവേ സ്റ്റേഷൻ മുതൽ ഡൗൺടൗൺ കേംബ്രിഡ്ജ് വരെയുള്ള പൂർണ്ണ കണക്ഷനാണ് 78% താമസക്കാരും തിരഞ്ഞെടുത്തത്. ഉയർന്ന നിർമ്മാണച്ചെലവാണ് പദ്ധതിയുടെ പ്രധാന വെല്ലുവിളിയായി കണക്കാക്കുന്നത്. ഫെയർവേ സ്റ്റേഷനും ഡൗൺടൗണിനുമിടയിലെ നിർമ്മാണത്തിന് 2025 ൽ 310 കോടി ഡോളർ ചെലവ് വരുന്ന പദ്ധതി 2033 ൽ 430 കോടി ഡോളർ ആയി ഉയരും. പുതിയ പാലങ്ങൾ, ഓവർഹെഡ് വയറുകൾ, ട്രാക്കുകൾ എന്നിവ ഉൾപ്പെടുന്ന നിർമ്മാണത്തിൽ, പാതയിലുടനീളമുള്ള സ്ഥലങ്ങളെയും നിലവിലെ മറ്റ് സൗകര്യങ്ങളെയും പരിഗണിക്കേണ്ടതുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

LRT വിപുലീകരണം മേഖലയിലെ സാമ്പത്തിക വളർച്ചയെ ത്വരിതപ്പെടുത്തുകയും കേംബ്രിഡ്ജിലുടനീളം വികസനത്തിന് വഴിയൊരുക്കുകയും ചെയ്യും. കമ്മിറ്റിയിൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ പ്രവിശ്യാ, ഫെഡറൽ സർക്കാരുകളിൽ നിന്ന് പൂർണ്ണ ധനസഹായം ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് പ്രാദേശിക അധികൃതർ അറിയിച്ചു. കൂടുതൽ സ്റ്റാഫുകളെ നിയമിക്കുന്നതും മൂലധന നിക്ഷേപത്തിനായുള്ള അപേക്ഷകളും 2026 ലെ ബജറ്റ് പ്രക്രിയയിൽ വിശദമാക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
