റോം: ലോകമെമ്പാടുമുള്ള മതനേതാക്കള്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ ലിയോ പതിന്നാലാമന്‍ മാര്‍പാപ്പയ്ക്ക് മുന്നില്‍ സംഗീത വിരുന്നൊരുക്കി പ്രശസ്ത ഗായകന്‍ വിജയ് യേശുദാസും കീബോര്‍ഡ് മാന്ത്രികന്‍ സ്റ്റീഫന്‍ ദേവസ്സിയും. വത്തിക്കാനില്‍ നടന്ന പരിപാടിയില്‍ മലയാളത്തിന്റെ രണ്ട് മനോഹര ഗാനങ്ങളാണ് വിജയ് യേശുദാസ് ആലപിച്ചത്.
‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വരും’, ‘ദൈവസ്‌നേഹം വര്‍ണിച്ചീടാന്‍ വാക്കുകള്‍ പോരാ’ എന്നീ രണ്ട് ഗാനങ്ങളാണ് മാര്‍പാപ്പയ്ക്ക് വേണ്ടി ആലപിച്ചത്. ഗാനങ്ങള്‍ക്ക് സ്റ്റീഫന്‍ ദേവസ്സിയാണ് കീബോര്‍ഡ് വായിച്ചത്.
പരിപാടിയുടെ വിഡിയോ സ്റ്റീഫന്‍ ദേവസ്സി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചതോടെ സംഭവം ശ്രദ്ധേയമായി. ‘വത്തിക്കാനില്‍ ഒരു മലയാള ഗാനം. വിജയ് യേശുദാസ് അത് മനോഹരമാക്കി’ എന്ന അടിക്കുറിപ്പോടെയാണ് സ്റ്റീഫന്‍ വിഡിയോ പങ്കുവെച്ചത്. തന്നെ ഈ വേദിയിലേക്ക് കൂടെ കൊണ്ടുപോയതിലുള്ള നന്ദിയും അദ്ദേഹം കുറിപ്പിലൂടെ അറിയിച്ചു.

വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ മതനേതാക്കള്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പേര്‍ പങ്കെടുത്ത ഈ വലിയ വേദിയില്‍ മലയാളം പാട്ടുകള്‍ പാടാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമായി കരുതുന്നുവെന്നും സ്റ്റീഫന്‍ ദേവസ്സി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഗീത രംഗത്തെ സ്റ്റീഫന്‍ ദേവസ്സിയുടെ സംഭാവനകള്‍ പരിഗണിച്ച് ഫ്രാന്‍സിലെ സോബോണ്‍ സര്‍വകലാശാല അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു. കാല്‍ നൂറ്റാണ്ടായി സംഗീതത്തിന് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ചാണ് ഈ ബഹുമതി.
