Thursday, October 30, 2025

വെള്ളിത്തിരയില്‍ വിസ്മയത്തുടക്കം; വിസ്മയ മോഹന്‍ലാന്‍ നായികയായ ആദ്യ സിനിമയുടെ പൂജ കൊച്ചിയില്‍

കൊച്ചി: മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മോഹന്‍ലാല്‍ ആദ്യമായി അഭിനയരംഗത്തേക്ക് കടക്കുന്ന ചിത്രം ‘തുടക്ക’ത്തിന്റെ ഔദ്യോഗിക പൂജ കൊച്ചിയില്‍ നടന്നു. ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍ കുടുംബസമേതം പങ്കെടുത്തു.

ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം സുചിത്ര മോഹന്‍ലാല്‍ നിര്‍വഹിച്ചു. നടനും മകനുമായ പ്രണവ് മോഹന്‍ലാല്‍ ആയിരുന്നു ആദ്യ ക്ലാപ്പ് അടിച്ചത്. ദിലീപ്, ജോഷി, രജപുത്ര രഞ്ജിത്ത് തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജൂഡ് ആന്തണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മകള്‍ സിനിമയിലേക്ക് എത്തുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മോഹന്‍ലാല്‍ ചടങ്ങില്‍ പറഞ്ഞു. ‘ഞാന്‍ ഒരിക്കലും സിനിമയില്‍ ഒരു നടനാകണമെന്ന് ആഗ്രഹിച്ച ഒരാളല്ല. കാലത്തിന്റെ നിശ്ചയം പോലെ സിനിമയില്‍ വന്നു. നിങ്ങളൊക്കെ തന്നെയാണ് എന്നെ നടനാക്കിയതും 48 വര്‍ഷങ്ങള്‍ നിലനിര്‍ത്തിയതും,’ മോഹന്‍ലാല്‍ പറഞ്ഞു.

മകള്‍ക്ക് ‘വിസ്മയ’ എന്ന് പേരിട്ടതിനെക്കുറിച്ചും അദ്ദേഹം വികാരാധീനനായി സംസാരിച്ചു. ‘എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം വിസ്മയമായാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ടാണ് മകള്‍ക്കിട്ട പേര് പോലും വിസ്മയ മോഹന്‍ലാല്‍ എന്ന് വെച്ചത്. ഒരുപാട് കാര്യങ്ങള്‍ വിസ്മയ പഠിച്ചിട്ടുണ്ട്. അഭിനയിക്കാനുള്ള ആഗ്രഹം അവള്‍ പ്രകടിപ്പിച്ചപ്പോള്‍, ഒത്തിണങ്ങിയ ഒരു കഥ കിട്ടിയപ്പോള്‍, എല്ലാ സൗകര്യങ്ങളും മുന്നിലുള്ളതിനാല്‍ (നിര്‍മാണ കമ്പനിയും പ്രൊഡ്യൂസറുമുണ്ട്) വിസ്മയ അഭിനയിക്കാന്‍ തീരുമാനിക്കുകയായിരുന്നു,’ മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ‘തുടക്കം’ ഒരു ആക്ഷന്‍ എന്റര്‍ടെയ്‌നറായിരിക്കും. ആന്റണിയുടെ മകന്‍ ആശിഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ജെയ്ക്‌സ് ബിജോയ് സംഗീതവും, ജോമോന്‍ ടി. ജോണ്‍ ചായാഗ്രഹണവും നിര്‍വഹിക്കും.

മുവായ് തായ് ഉള്‍പ്പെടെയുള്ള ആയോധന കലകളില്‍ പരിശീലനം നേടിയ വിസ്മയയുടെ ഈ കഴിവ് കണക്കിലെടുത്താണ് ആയോധന മുറകള്‍ക്ക് പ്രാധാന്യമുള്ള കഥാപാത്രത്തിനായി ജൂഡ് ആന്തണി വിസ്മയയെ തിരഞ്ഞെടുത്തതെന്നാണ് റിപ്പോര്‍ട്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!