ഓട്ടവ: ഹാലോവീൻ ആഘോഷിക്കുന്ന കനേഡിയൻ ഉപഭോക്താക്കൾക്ക് കനത്ത തിരിച്ചടിയായി മിഠായികളുടെ ഉയർന്ന നിരക്ക്. കാനഡ അമേരിക്കൻ ഉൽപ്പന്നങ്ങൾക്കെതിരെ ഏർപ്പെടുത്തിയ കൗണ്ടർ താരിഫുകളാണ് വില വർദ്ധനവിന് കാരണം. പലചരക്ക് കടകൾ അവധിക്കാല പലഹാരങ്ങൾ മൊത്തമായി വാങ്ങിയ സമയത്താണ് താരിഫിന്റെ അധിക ബാധ്യത വന്നതെന്ന് ഗ്വൽഫ് സർവകലാശാല ഫുഡ് ഇക്കണോമിസ്റ്റ് മൈക്കൽ വോൺ മാസോ ചൂണ്ടിക്കാട്ടി. താരിഫ് നീക്കിയെങ്കിലും മധുരപലഹാരങ്ങൾ പെട്ടെന്ന് കേടാവാത്തതിനാൽ ഈ അധികച്ചെലവ് അടുത്ത വാലൻ്റൈൻസ് ഡേ വരെ ഉപഭോക്താക്കളെ ബാധിക്കുമെന്ന് വോൺ മാസോ അറിയിച്ചു.
അസംസ്കൃത കൊക്കോയെ ബാധിക്കുന്ന പ്രശ്നങ്ങളാണ് വിലവർദ്ധനവിന് മറ്റൊരു പ്രധാന കാരണം. കാലാവസ്ഥാ മാറ്റങ്ങൾക്ക് കൊക്കോ കൃഷി വേഗത്തിൽ പ്രതികരിക്കുന്നതിനാൽ ആഗോള താപനം കൊക്കോയുടെ വിളവിനെ പ്രതികൂലമായി ബാധിച്ചു. പശ്ചിമാഫ്രിക്കൻ രാജ്യങ്ങളിൽ വിളവെടുപ്പ് കുറഞ്ഞതോടെ കൊക്കോയുടെ വില കുതിച്ചുയരുന്നതിനും കാരണമായി. ചോക്ലേറ്റ് ബാറുകൾ ഉൾപ്പെടുന്ന മധുരപലഹാരങ്ങളുടെ വില സെപ്റ്റംബറിൽ 10.4 % വർധിച്ചു. അടുത്ത വർഷത്തിനുള്ളിൽ ലാബുകളിൽ കൊക്കോ ഉൽപ്പാദനം പരീക്ഷിക്കുന്നത് പ്രതിസന്ധിക്ക് പരിഹാരമാവുമെന്ന് വോൺ മാസോ കൂട്ടിച്ചേർത്തു.

വില വർദ്ധനവ് മാത്രമല്ല, ‘ഷ്റിങ്ഫ്ലേഷൻ’ എന്ന പ്രതിഭാസവും ഉപഭോക്താക്കളെ വലക്കുന്നതായാണ് റിപ്പോർട്ട്. വിലയിൽ മാറ്റമില്ലാതെ ഉൽപ്പന്നത്തിൻ്റെ വലുപ്പം കുറയ്ക്കുന്ന ‘ഷ്റിങ്ഫ്ലേഷൻ’ മൂലം ചെറിയ ചോക്ലേറ്റ് ബാറുകളുടെ വലുപ്പം കുറയുകയും ബോക്സുകളിലെ എണ്ണം കുറയുകയും ചെയ്യുന്നു. ഇത് ഉപഭോക്താക്കളെ സംബന്ധിച്ച് കനത്ത നഷ്ടമാണെന്നും വോൺ മാസോ അഭിപ്രായപ്പെട്ടു
