എഡ്മിന്‍റൻ : മൂന്നാഴ്ച നീണ്ടുനിന്ന അധ്യാപക സമരത്തെ തുടർന്ന് ബുദ്ധിമുട്ടിലായ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ആരംഭിച്ച് ആൽബർട്ട സർക്കാർ. അധ്യാപക സമരത്തെ തുടർന്ന് 12 വയസ്സിന് താഴെയുള്ള ഓരോ കുട്ടിയുടെയും മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും പ്രതിദിനം 30 ഡോളർ നൽകുമെന്ന് പ്രീമിയർ ഡാനിയേൽ സ്മിത്ത് വാഗ്ദാനം ചെയ്തിരുന്നു. പണിമുടക്ക് മൂലം 16 ദിവസത്തെ ക്ലാസ്സുകളാണ് നഷ്ടപ്പെട്ടത്. ഇതോടെ പാരൻ്റ് സപ്പോർട്ട് പേയ്‌മെൻ്റ് പ്രോഗ്രാം വഴി ഒരു കുട്ടിക്ക് 480 ഡോളർ വീതം ലഭിക്കും. പണിമുടക്ക് ഇല്ലായിരുന്നെങ്കിൽ അധ്യാപകർക്ക് നൽകേണ്ടിയിരുന്ന ശമ്പളത്തിന് ആവശ്യമായ ഫണ്ടിൽ നിന്നാണ് ഈ തുക നൽകുക.

ഈ ആഴ്ച സ്മിത്ത് സർക്കാർ ‘നോട്ട് വിത്ത് സ്റ്റാൻഡിങ് ക്ലോസ്’ ഉപയോഗിച്ച് 51,000 അധ്യാപകരോട് ജോലിയിൽ പ്രവേശിക്കാൻ ഉത്തരവിട്ടതോടെ സമരത്തിന് വിരാമമായി. എന്നാൽ, പല സ്കൂൾ ബോർഡുകളും ക്ലാസുകൾ പുനരാരംഭിക്കുമെങ്കിലും, ഡിപ്ലോമ പരീക്ഷകളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മാറ്റങ്ങളോ കാലതാമസമോ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, സമരം പരിഹരിക്കാൻ സർക്കാരിന് മറ്റ് മാർഗങ്ങൾ ഉണ്ടായിരുന്നില്ലെന്നും, സമരം വിദ്യാർത്ഥികൾക്ക് പരിഹരിക്കാനാവാത്ത ദോഷം വരുത്തിയെന്നും പ്രീമിയർ ഡാനിയേൽ സ്മിത്ത് പറയുന്നു.
