വാഷിങ്ടൺ : കാൻസറിനു കാരണമാകുന്ന രാസവസ്തു കലർന്നതായി സംശയിക്കുന്നതിനാൽ രക്തസമ്മർദ്ദ മരുന്നായ പ്രാസോസിൻ ഹൈഡ്രോക്ലോറൈഡ് തിരിച്ചുവിളിച്ചതായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) അറിയിച്ചു. ന്യൂജഴ്സി ആസ്ഥാനമായുള്ള ടെവ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച് അമേരിസോഴ്‌സ് ഹെൽത്ത് സർവീസസ് വിതരണം ചെയ്യുന്ന പ്രാസോസിൻ കാപ്‌സ്യൂളുകളുടെ 580,000 ബോട്ടിലുകളാണ് തിരിച്ചു വിളിച്ചത്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ മൂലമുണ്ടാകുന്ന പേടിസ്വപ്നങ്ങൾക്കും മറ്റ് അസ്വസ്ഥതകൾക്കും ഈ മെഡിസിൻ ഉപയോഗിക്കാറുണ്ട്.

തിരിച്ചുവിളിച്ച മരുന്നിൽ കാൻസറിന് കാരണമാകാൻ സാധ്യതയുള്ള നൈട്രോസാമൈൻ അടങ്ങിയതായി ഫെഡറൽ ഏജൻസി പറയുന്നു. ഒരു മരുന്നിന്‍റെ നിർമ്മാണത്തിലോ സംഭരണത്തിലോ രൂപം കൊള്ളുന്ന കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളുടെ ഒരു വിഭാഗമാണ് എൻ-നൈട്രോസാമൈൻ എന്ന് FDA പറയുന്നു.
