ഓട്ടവ : ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ ഫെഡറൽ ഗവൺമെൻ്റ് 1,110 കോടി ഡോളർ കമ്മി രേഖപ്പെടുത്തിയതായി ധനകാര്യ വകുപ്പ് അറിയിച്ചു. അടുത്ത ആഴ്ച ഫെഡറൽ ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് കണക്കുകൾ പുറത്തുവരുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 980 കോടി ഡോളർ കമ്മിയായിരുന്നു രേഖപ്പെടുത്തിയത്. അഞ്ച് മാസ കാലയളവിലെ വരുമാനം കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 19,630 കോടി ഡോളറിൽ നിന്നും ആകെ 20,120 കോടി ഡോളറായി വർധിച്ചു. ഉയർന്ന കോർപ്പറേറ്റ്, വ്യക്തിഗത ആദായ നികുതി വരുമാനവും ഉയർന്ന കസ്റ്റംസ് ഇറക്കുമതി തീരുവയുമാണ് പ്രധാനമായും വരുമാന വർധനയ്ക്ക് കാരണമെന്നും ധനകാര്യ വകുപ്പ് പറയുന്നു.

വയോജന-EI ആനുകൂല്യ ചെലവുകൾ വർധിച്ചതോടെ പ്രോഗ്രാം ചെലവുകൾ 18,720 കോടി ഡോളറായി ഉയർന്നു. ഇത് ഒരു വർഷം മുമ്പത്തെ 17,980 കോടി ഡോളറിനെക്കാൾ വളരെ കൂടുതലാണ്. ഒരു വർഷം മുമ്പ് ഉണ്ടായിരുന്ന 2,320 കോടി ഡോളറിൽ നിന്നും ഈ കാലയളവിലെ പൊതു കടബാധ്യത 2300 കോടി ഡോളറായി കുറഞ്ഞു. കൂടാതെ അറ്റ ആക്ച്വറിയൽ നഷ്ടം 320 കോടി ഡോളറിൽ നിന്നും 210 കോടി ഡോളറായും കുറഞ്ഞിട്ടുണ്ടെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു.
