ഷാർലെറ്റ്ടൗൺ : ഈ അധ്യയന വർഷത്തിൽ പ്രിൻസ് എഡ്വേഡ് ഐലൻഡിലെ ഹോളണ്ട് കോളേജിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 47% കുറവുണ്ടായതായി റിപ്പോർട്ട്. ഫെഡറൽ ഇമിഗ്രേഷൻ നയങ്ങളിൽ അടുത്തിടെയുണ്ടായ മാറ്റങ്ങളുടെ ഫലമായാണ് ഈ അവസ്ഥ. തൽഫലമായി നിരവധി തസ്തികകൾ വെട്ടിക്കുറയ്‌ക്കേണ്ടി വന്നതായും ഹോളണ്ട് കോളേജ് അധികൃതർ അറിയിച്ചു. തലസ്ഥാനമായ നഗരമായ ഷാർലെറ്റ്ടൗണിൽ സ്ഥിതിചെയ്യുന്ന കോളേജിലെ രാജ്യാന്തര വിദ്യാർത്ഥികളുടെ എണ്ണം 2024-ലെ 848-ൽ നിന്ന് ഈ വർഷം 446 ആയി കുറഞ്ഞു.

പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റിന് അർഹതയുള്ള കോളേജ് വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുത്തനെ ഇടിവ് ഉണ്ടായതായി കോളേജ് ഒരു വാർത്താക്കുറിപ്പിൽ പറഞ്ഞു. വിദേശവിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞതോടെ കോളേജിന് 40 ലക്ഷം ഡോളറിലധികം വരുമാന നഷ്ടവും നേരിടേണ്ടിവരും. ഈ പ്രവണത തുടരുമെന്നാണ് കരുതുന്നതെന്നും കോളേജ് അധികൃതർ അറിയിച്ചു. 2025-2026, 2026-2027 അധ്യയന വർഷങ്ങളിൽ ഏകദേശം 700 രാജ്യാന്തര വിദ്യാർത്ഥികളുടെ കുറവ് ഉണ്ടാകുമെന്നും ഹോളണ്ട് കോളേജ് പറയുന്നു. വിദേശ വിദ്യാർത്ഥികളുടെ കുറവും തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയും മൂലം കഴിഞ്ഞ ഏപ്രിലിൽ എട്ട് പ്രോഗ്രാമുകൾ താൽക്കാലികമായി നിർത്തിവച്ചതായും അധികൃതർ അറിയിച്ചു.

2024-ന്‍റെ തുടക്കത്തിൽ, ഫെഡറൽ സർക്കാർ രാജ്യാന്തര വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇത് സർവകലാശാലകൾക്ക് മാത്രമല്ല, ഓരോ പ്രവിശ്യയുടേയും സമ്പദ്‌വ്യവസ്ഥയ്ക്കും തിരിച്ചടിയായതായി അസോസിയേഷൻ ഓഫ് അറ്റ്ലാൻ്റിക് യൂണിവേഴ്ക്സിറ്റിസ് എക്സിക്യൂട്ടീവ് ഡയറക്ടർ പീറ്റർ ഹാൽപിൻ പറയുന്നു.
