പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് sabarimalaonline.org വഴി ആരംഭിക്കും. പ്രതിദിനം 70,000 ഭക്തർക്ക് ഓൺലൈനായും, 20,000 പേർക്ക് വണ്ടിപ്പെരിയാർ, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ വഴിയും ദർശനത്തിന് അവസരമുണ്ടെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.
തീർത്ഥാടനത്തിൽ ഭക്തർക്കുള്ള ഇൻഷുറൻസ് പരിരക്ഷ കേരളം മുഴുവൻ വ്യാപിപ്പിച്ചതായി അധികൃതർ അറിയിച്ചു. തീർത്ഥാടന യാത്രയ്ക്കിടെ കേരളത്തിൽ എവിടെ വച്ച് അപകടമുണ്ടായാലും 5 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. മൃതദേഹം നാട്ടിലെത്തിക്കാൻ കേരളത്തിനകത്ത് 30,000 രൂപ വരെയും സംസ്ഥാനത്തിന് പുറത്തേക്ക് 1 ലക്ഷം രൂപ വരെയും ആംബുലൻസ് ചെലവും അനുവദിക്കും. കൂടാതെ ശബരിമല ഡ്യൂട്ടിയിലുള്ള ദേവസ്വം ബോർഡ് ജീവനക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഈ പരിരക്ഷ ലഭിക്കും.

ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള സ്വാഭാവിക മരണങ്ങൾ സംഭവിക്കുന്നവർക്കായി ‘പിൽഗ്രിം വെൽഫെയർ നിധി’ എന്ന പുതിയ പദ്ധതിയും ദേവസ്വം ബോർഡ് പ്രഖ്യാപിച്ചു. ഇതിലൂടെ 3 ലക്ഷം രൂപ ധനസഹായം ലഭിക്കും. ഇൻഷുറൻസ് ലഭിക്കുന്നതിന് ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിങ് ഐഡി അടിസ്ഥാന രേഖയായി കണക്കാക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
