എഡ്മിന്റൻ : കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വച്ചതിന് ഒരു വർഷത്തെ കുറഞ്ഞ തടവ് ശിക്ഷ നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയിൽ പ്രതിഷേധം അറിയിച്ച് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വെക്കുന്നത് നികൃഷ്ടമായ കുറ്റമാണെന്നും ഒരു വർഷത്തെ ശിക്ഷ പോലും തീരെ കുറവാണെന്നും അവർ പറഞ്ഞു. വിധി മറികടക്കാൻ ‘നോട്ട്‌വിത്‌സ്റ്റാൻഡിങ് ക്ലോസ്’ ഉപയോഗിക്കണമെന്നും ഫെഡറൽ സർക്കാരിനോട് സ്മിത്ത് ആവശ്യപ്പെട്ടു. ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡും ഈ ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തി.

ഒരു വർഷത്തെ കുറഞ്ഞ തടവ് ശിക്ഷ പ്രകാരം വ്യക്തിഗത സാഹചര്യങ്ങൾ പരിഗണിക്കാൻ ജഡ്ജിമാർക്ക് സാധിക്കില്ല. അതിനാൽ, നിർബന്ധിത മിനിമം ശിക്ഷകൾ ശരിയാകാമെങ്കിലും, വ്യത്യസ്ത സാഹചര്യങ്ങൾ പരിഗണിക്കണമെന്നായിരുന്നു കോടതി പറഞ്ഞത്. അതേസമയം, വിധി പരിശോധിക്കുകയാണെന്നും, കുട്ടികളെ ദുരുപയോഗം ചെയ്യുന്നവർക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കണമെന്നും ഫെഡറൽ നീതിന്യായ മന്ത്രി ഷോൺ ഫ്രേസറിന്റെ വക്താവും പ്രസ്താവനയിൽ അറിയിച്ചു.
