ഓട്ടവ : ജനപ്രിയ ഫർണിച്ചർ ബ്രാൻഡായ ക്രേറ്റ് & ബാരൽ കാനഡയിലുടനീളം വിറ്റഴിച്ച മൂവായിരത്തിലധികം ഡൈനിങ് ചെയറുകൾ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ. കസേരയുടെ കാലുകൾ ഒടിഞ്ഞ് യുഎസിൽ ഏകദേശം ഒരു ഡസനോളം ആളുകൾക്ക് പരുക്കേറ്റതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് തിരിച്ചുവിളിക്കാൻ നോട്ടീസ് നൽകിയതെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു. ക്രേറ്റ് & ബാരൽ അന ഡൈനിങ് ചെയറുകളുമായി ബന്ധപ്പെട്ടതാണ് തിരിച്ചുവിളിക്കൽ. ഇവ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.

2021 ജനുവരി മുതൽ 2025 ജനുവരി വരെ ക്രേറ്റ് & ബാരൽ ഡൈനിങ് ചെയറുകൾ കാനഡയിൽ 3,175 യൂണിറ്റുകളും യുണൈറ്റഡ് സ്റ്റേറ്റ്സിൽ 54,932 യൂണിറ്റുകളും വിറ്റു. ഒക്ടോബർ 27 വരെ, കാനഡയിൽ കസേര കാലുകൾ ഒടിഞ്ഞതിന്‍റെ എട്ട് റിപ്പോർട്ടുകൾ കമ്പനിക്ക് ലഭിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ, കസേര കാലുകൾ ഒടിഞ്ഞതിന്‍റെ 149 റിപ്പോർട്ടുകളും പരിക്കേറ്റതിന്‍റെ 11 റിപ്പോർട്ടുകളും കമ്പനിക്ക് ലഭിച്ചു. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8 മുതൽ വൈകുന്നേരം 7 വരെയും, ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയും ഉപയോക്താക്കൾക്ക് ക്രേറ്റ് & ബാരലിനെ 888-780-5873 എന്ന നമ്പറിൽ ടെലിഫോണിൽ ബന്ധപ്പെടാമെന്ന് ഹെൽത്ത് കാനഡ അറിയിച്ചു.
