സ്‌മിത്ത് ഫാൾസ്: രണ്ടുവർഷം മുമ്പ് യുവാവിനെ കാണാതായ സംഭവത്തിൻ്റെ അന്വേഷണത്തിനിടെ നിർണായക വഴിത്തിരിവുമായി ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP). സ്മിത്ത്‌സ് ഫാൾസിന് സമീപം കെല്ലി ജോർദാൻ റോഡിലെ ഒരു വസതിയിലാണ് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയത്. റോബി തോംസണിന്റെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെയാണ് ഈ കണ്ടെത്തൽ. അതേ സമയം അവശിഷ്ടങ്ങൾ ആരുടേതാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

2023 ഒക്ടോബർ മാസമാണ് ഇയാളെ കാണാതായത്. അന്വേഷണം കൂടുതൽ മുന്നോട്ട് പോയില്ലെങ്കിലും തോംസൺ കൊല്ലപ്പെട്ടതാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൊണ്ടേഗ് ടൗൺഷിപ്പിൽ നിന്നുള്ള ക്രിസ്റ്റഫർ ഫെന്റൺ (48), എറിൻ മാക്കി (40), കിംഗ്സ്റ്റണിൽ നിന്നുള്ള ജോഷ്വ ബെൽഫിയോറി (34) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു.
