ഓട്ടവ : കാനഡയുടെ ഐക്യരാഷ്ട്രസഭ (യുഎൻ) അംബാസഡറായുള്ള അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി നവംബർ 17-ന് ബോബ് റേ സ്ഥാനമൊഴിയുന്നു. ഗ്ലോബൽ അഫയേഴ്‌സ് കാനഡയുടെ (GAC) ഔദ്യോഗിക നിലപാടുകളിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ താൻ പങ്കുവെച്ചി രുന്നതായും, വകുപ്പിനുള്ളിൽ തനിക്ക് ‘ഹറിക്കെയ്ൻ ബോബ്’ എന്ന വിളിപ്പേരുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. റഷ്യ-യുക്രെയ്ൻ യുദ്ധം, ഇന്ത്യയുമായുള്ള രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയ നിർണായക സംഭവങ്ങൾ നടന്ന കാലയളവിലാണ് റേ സേവനമനുഷ്ഠിച്ചത്. യുഎൻ നേരിടുന്ന എല്ലാ വിഷയങ്ങളിലും കാനഡ നിരന്തരമായ ഇടപെടൽ നിലനിർത്തിയതിൽ താൻ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഔദ്യോഗിക നയങ്ങളിൽ നിന്ന് വ്യതിചലിക്കുന്ന നിരവധി അഭിപ്രായങ്ങൾ ബോബ് റേ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നാഗോർണോ-കറാബാഗിലെ വംശീയ ഉന്മൂലനം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കാനഡയുടെ ഔദ്യോഗിക നിലപാടുകളിൽ നിന്ന് മാറി അദ്ദേഹം സ്വന്തം അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇത്തരം കാര്യങ്ങൾ ചെയ്തതിൽ തനിക്ക് ഖേദമില്ലെന്നും, ഇത് ആരോഗ്യകരമായ ഒരു പിരിമുറുക്കം സൃഷ്ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പിൻഗാമിയായി വരുന്ന ഡേവിഡ് ലാമറ്റി മനുഷ്യാവകാശ വിഷയങ്ങളിലും മൂല്യാധിഷ്ഠിത നയങ്ങളിലും കാനഡയുടെ നിലപാട് മുന്നോട്ട് കൊണ്ടുപോകുമെന്ന് റേ ഉറപ്പു പ്രകടിപ്പിച്ചു.
