വാഷിങ്ടണ്‍: ഭാര്യ ഉഷയുടെ മതവുമായി ബന്ധപ്പെട്ട് നടത്തിയ പരമാര്‍ശങ്ങളെ തുടര്‍ന്നുയര്‍ന്ന വിമര്‍ശനങ്ങളില്‍ ക്ഷുഭിതനായി പ്രതികരിച്ച് യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. ഭാര്യ നിലവില്‍ ഒരു ക്രിസ്ത്യാനിയല്ലെന്നും, അവര്‍ മതം മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കി ഉയരുന്ന വിമര്‍ശനങ്ങള്‍ ‘അറപ്പുളവാക്കുന്നതാണെന്ന്’ വിശേഷിപ്പിച്ച വാന്‍സ്, പൊതുരംഗത്തുള്ള വ്യക്തിയെന്ന നിലയില്‍ തന്റെ മിശ്രവിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും ‘എക്സി’ലൂടെ അറിയിച്ചു.
തന്റെ ഭാര്യ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് വാന്‍സ് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.ബുധനാഴ്ച മിസിസിപ്പിയില്‍ നടന്ന ‘ടേണിങ് പോയിന്റ് യു.എസ്.എ.’ എന്ന പരിപാടിയില്‍ സംസാരിക്കവെയായിരുന്നു യുഎസ് വൈസ് പ്രസിഡന്റ് തന്റെ ഭാര്യയുടെ മതംമാറ്റത്തെക്കുറിച്ച് സംസാരിച്ചത്. ഇന്ത്യന്‍ വംശജയായ, ഹിന്ദു മതത്തില്‍ വളര്‍ന്നയാളാണ് വാന്‍സിന്റെ ഭാര്യ ഉഷ.

‘ഇപ്പോള്‍ മിക്ക ഞായറാഴ്ചകളിലും ഉഷ എന്റെ കൂടെ പള്ളിയില്‍ വരാറുണ്ട്. ഞാന്‍ ക്രിസ്ത്യന്‍ മത വിശ്വാസിയാണ്. എന്റെ ഭാര്യയും ഒരു ദിവസം അതേ രീതിയില്‍ വിശ്വാസിയാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ വാന്‍സ് പറഞ്ഞു. കൂടാതെ, തങ്ങളുടെ മക്കളെ ക്രിസ്ത്യന്‍ മതവിശ്വാസികളായാണ് വളര്‍ത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
