ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗിക ബന്ധം പുലർത്തി പിന്നീട് അതേ പെൺകുട്ടിയെ വിവാഹം കഴിച്ച യുവാവിനെതിരെയുള്ള പോക്സോ കേസ് സുപ്രീം കോടതി റദ്ദാക്കി. ക്രിമിനൽ നടപടികൾ അവസാനിപ്പിക്കണമെന്ന് ഇരയും കുടുംബവും ആഗ്രഹിക്കുന്നുണ്ടെന്നും ജസ്റ്റിസുമാരായ ദീപാങ്കർ ദത്തയും എ.ജി. മാസിഹും അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള പൂർണ അധികാരങ്ങൾ ഉപയോഗിച്ചുള്ള ഈ ഇടപെടൽ മറ്റേതെങ്കിലും കേസിന് മാതൃക അല്ലെന്നും ബെഞ്ച് വ്യക്തമാക്കി. പ്രതി കുറ്റം ചെയ്തത് പ്രണയം കൊണ്ടായിരുന്നെന്നാണ് കോടതി കണ്ടെത്തിയത്.

പ്രതിയുടെ അപ്പീലായിരുന്നു കോടതി പരിഗണിച്ചത്. പ്രതിയെ വിവാഹം കഴിച്ചെന്നും ഒരു വയസ്സുള്ള ഒരു ആൺകുട്ടിയുണ്ടെന്നും ഇരയായ പെൺകുട്ടി കോടതിയെ അറിയിച്ചു. നീതി നടപ്പാക്കാൻ സൂക്ഷ്മമായ സമീപനം വേണമെന്നും കർശന നടപടിക്കൊപ്പം കരുണയോടെയുള്ള ഇടപെടലും വേണമെന്ന് കോടതി വ്യക്തമാക്കി. നീതിയുടെയും ഭീഷണിപ്പെടുത്തലിന്റെയും ഇരയുടെ പുനരധിവാസത്തിന്റെയും ഭിന്നതാൽപര്യങ്ങൾ കോടതി സന്തുലിതമാക്കേണ്ടതുണ്ടെന്ന് ജസ്റ്റിസ് ദത്ത പറഞ്ഞു. ഭാര്യയെയും കുട്ടിയെയും ഉപേക്ഷിക്കരുതെന്നും ജീവിതകാലം മുഴുവൻ അന്തസ്സോടെ പരിപാലിക്കണമെന്നും സുപ്രീംകോടതി കർശന നിർദേശം നൽകി.
