വിനിപെഗ്: ആശുപത്രികളുടെ അവസ്ഥ മോശമാണെന്നും രോഗികൾക്ക് അവശ്യം വേണ്ട ചികിത്സ നൽകാൻ പോലുമുള്ള സാഹചര്യമില്ലെന്നും വെളിപ്പെടുത്തി നഴ്‌സ്. വിനിപെഗ് ഹെൽത്ത് സയൻസസ് സെന്ററിൽ (എച്ച്. എസ്. സി) പത്തുവർഷത്തിലേറെയായി ജോലി ചെയ്യുന്ന ട്രയേജ് നഴ്‌സാണ് താൻ കടന്നു പോയ വേദനിപ്പിക്കുന്ന അനുഭവങ്ങൾ പങ്കുവച്ചത്. രോഗികൾക്ക് വേണ്ട സൗകര്യങ്ങളൊന്നും തന്നെ നൽകാനില്ല. അതേ പോലെ ജീവനക്കാരുടെ എണ്ണവും സ്ഥിതി മോശമാക്കുന്നു. വിവിധ രോഗങ്ങളുമായി ആളുകളെത്തുന്നു. എന്നാൽ അവരെ പ്രവേശിപ്പിക്കാനായി ഒരിഞ്ച് സ്ഥലം പോലും ബാക്കിയില്ല. ചികിത്സയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടയിൽ ആളുകൾ എങ്ങനെ ജീവൻ കാത്തുവയ്ക്കുന്നു എന്നതിലാണ് താൻ എപ്പോഴും അത്ഭുതപ്പെടുന്നതെന്നും അവർ പറഞ്ഞു. മനസ്സിന്റെ തോന്നലിന്റെ അടിസ്ഥാനത്തിൽ മാത്രം ആരെ പ്രവേശിപ്പിക്കണം എന്ന് തീരുമാനിക്കേണ്ടി വന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും അവർ പറഞ്ഞു.

ഈ ചോദ്യത്തിന് ശരിയായ ഉത്തരമില്ലെന്നറിയാം, പക്ഷേ, ഏതെങ്കിലും ഒരെണ്ണം മാത്രമേ തിരഞ്ഞെടുക്കാൻ കഴിയൂ. ഇങ്ങനെയുള്ള കേസുകൾ എല്ലാദിവസവും സംഭവിക്കാറുണ്ട്. ചികിത്സയ്ക്കായി കാത്തിരിക്കേണ്ടി വരുന്നത് അനുചിതമായ കാര്യമാണ്. എന്നാൽ കൂടുതൽ രോഗികൾ അത്യാഹിത വിഭാഗത്തിലേക്ക് വരുമ്പോൾ, സ്ഥലക്കുറവ് മൂലം കാത്തിരിപ്പ് സമയം കൂടി വരുന്നു. കൂടുതൽ ആളുകൾ അത്യാഹിത വിഭാഗത്തിലെത്തുമ്പോൾ കാത്തിരിപ്പ് സമയം വീണ്ടും കൂടുമ്പോൾ എന്തെങ്കിലും മോശം സംഭവിക്കുമെന്ന ഭയമാണ് ഉള്ളിലുണ്ടാവുന്നതെന്നും അവർ പറഞ്ഞു.
സ്ഥിതി വളരെ ഗുരുതരമായതിനാൽ ചികിത്സ തേടി എത്തുന്ന മുതിർന്നവരെ കുട്ടികളുടെ അടിയന്തര ചികിത്സ വിഭാഗത്തിലേക്ക് മാറ്റിയെന്നും അവർ കൂട്ടിച്ചേർത്തു. ഉടൻ തന്നെ എന്തെങ്കിലും നടപടി സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ നഴ്സുമാർ ജോലി ഉപേക്ഷിക്കേണ്ടി വരുന്ന സാഹചര്യമാണെന്നും അവർ മുന്നറിയിപ്പ് നൽകി.
