Saturday, November 1, 2025

കനോല കര്‍ഷകര്‍ക്ക് ആശ്വാസം; മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിപണി തുറന്ന് പാക്കിസ്ഥാന്‍

റെജൈന: കനേഡിയന്‍ കനോല കര്‍ഷകര്‍ക്ക് ആശ്വാസമായി അവരുടെ പ്രധാന വിപണികളിലൊന്നായ പാക്കിസ്ഥാനിലേക്ക് വീണ്ടും പ്രവേശനം ലഭിച്ചു. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കനോല ഉള്‍പ്പെടെ ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കുള്ള (Genetically Modified crops – GM) നിയന്ത്രണങ്ങള്‍ പാക്കിസ്ഥാന്‍ പിന്‍വലിച്ചത്.

‘പാക്കിസ്ഥാനിലേക്ക് വിപണി പ്രവേശനം പുനഃസ്ഥാപിക്കാനായത് വളരെ നല്ല കാര്യമാണ്,’ കാനോല കൗണ്‍സില്‍ ഓഫ് കാനഡയുടെ പ്രസിഡന്റ് ക്രിസ് ഡേവിസണ്‍ പറഞ്ഞു. ഈ പുതിയ നീക്കത്തെ കര്‍ഷകരും സ്വാഗതം ചെയ്തു. ‘ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏത് നല്ല വാര്‍ത്തയും കര്‍ഷകര്‍ക്ക് ആശ്വാസമാണ്. അടുത്ത വര്‍ഷത്തെ വിളയെക്കുറിച്ച് ആത്മവിശ്വാസം തോന്നാന്‍ ഇത്തരം നല്ല മാറ്റങ്ങള്‍ സഹായിക്കും,’ സസ്‌കച്വാന്‍ കനോല ഡെവലപ്മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ഡീന്‍ റോബര്‍ട്ട്‌സ് പ്രതികരിച്ചു.

ഒരു വര്‍ഷം 1.35 ദശലക്ഷം ടണ്‍ വരെ കനേഡിയന്‍ കനോലകളാണ് പാക്കിസ്ഥാനിലേക്ക് കയറ്റുമതി ചെയ്തിരുന്നത്. 2015നും 2020നും ഇടയില്‍ പ്രതിവര്‍ഷം ശരാശരി 810,000 ടണ്‍ കയറ്റുമതി നടന്നിരുന്നു. എന്നാല്‍ 2022ന്റെ അവസാനത്തോടെ, ജനിതകമാറ്റം വരുത്തിയ വിളകളുടെ (GM crops) ഇറക്കുമതിക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ പാക്കിസ്ഥാന്റെ പ്ലാന്റ് പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് തീരുമാനിച്ചു. ഈ ലൈസന്‍സ് നല്‍കാനുള്ള സംവിധാനം അന്ന് രാജ്യത്ത് നിലവിലില്ലാത്തതിനാല്‍ കനോല ഇറക്കുമതി തടസ്സപ്പെടുകയായിരുന്നു.

തുടര്‍ന്ന്, 2023 അവസാനത്തോടെ ഭക്ഷ്യ, തീറ്റ ആവശ്യങ്ങള്‍ക്കായി വിളകള്‍ ഇറക്കുമതി ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നതിനായി പാക്കിസ്ഥാന്‍ തങ്ങളുടെ ബയോസേഫ്റ്റി നിയമങ്ങളില്‍ ഭേദഗതികള്‍ അംഗീകരിച്ചു. 2024 ജനുവരിയില്‍ ഇതിന്റെ നടപ്പാക്കല്‍ വിജ്ഞാപനം വന്നതോടെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. കാനഡന്‍ കനോലയെ സംബന്ധിച്ച വിവരങ്ങള്‍ കനേഡിയന്‍ സര്‍ക്കാര്‍ പാക്കിസ്ഥാന്‍ അധികൃതരുമായി പങ്കുവെക്കുകയും, ഈ നീക്കങ്ങള്‍ക്ക് അടുത്തിടെ അംഗീകാരം ലഭിക്കുകയും ചെയ്തു.

കാനഡയ്ക്ക് ഏറ്റവും അനുയോജ്യമായ സമയത്താണ് പാക്കിസ്ഥാനിലേക്ക് വിപണി പ്രവേശനം പുനഃസ്ഥാപിക്കപ്പെടുന്നത്. ചൈനീസ് വിപണിയില്‍ നിന്ന് കാനഡ പുറത്തായ സാഹചര്യത്തില്‍ പാകിസ്ഥാന്റെ പുനഃപ്രവേശം പ്രധാനമാണ്. 2024ല്‍ ചൈന 5.86 ദശലക്ഷം ടണ്‍ കനോല വിത്താണ് കാനഡയില്‍ നിന്ന് വാങ്ങിയിരുന്നത്.

ഉല്‍പ്പാദനച്ചെലവും കുറഞ്ഞ ചരക്ക് വിലയും കാരണം കര്‍ഷകരുടെ ലാഭം കുറയുന്ന സാഹചര്യത്തില്‍, ചൈനീസ് വിപണിയിലെ നഷ്ടം നികത്താന്‍ സഹായിക്കുന്ന ഏത് നീക്കവും സ്വാഗതാര്‍ഹമാണെന്ന് കര്‍ഷകര്‍ അഭിപ്രായപ്പെടുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!