ഓട്ടവ : കാനഡയിലെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ ധനസമാഹരണം വേനൽ മാസങ്ങളിൽ കുറഞ്ഞതായി ഇലക്ഷൻസ് കാനഡയുടെ പുതിയ കണക്കുകൾ. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്ന് മാസങ്ങളിൽ 42 ലക്ഷം ഡോളർ സമാഹരിച്ച് പിയേർ പൊളിയേവിന്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവുകൾ, ലിബറലുകളേക്കാൾ മുന്നിലെത്തിയതായാണ് റിപ്പോർട്ട്. ലിബറൽ പാർട്ടിക്ക് ഈ പാദത്തിൽ 29 ലക്ഷം ഡോളർ മാത്രമാണ് സമാഹരിക്കാൻ കഴിഞ്ഞത്.

എന്നാൽ, മുൻ പാദങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ എല്ലാ പാർട്ടികൾക്കും സംഭാവനകൾ കുറഞ്ഞിട്ടുണ്ട്. കൺസർവേറ്റീവുകളുടെ വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിൽ സമാഹരിച്ചതിന്റെ പകുതിയാവുകയും, ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ ലഭിച്ച 2.8 കോടി ഡോളർ എന്ന റെക്കോർഡ് തുകയിൽ നിന്ന് കുത്തനെ കുറയുകയും ചെയ്തു. ലിബറലുകൾക്ക് 2024-ലെ മൂന്നാം പാദത്തിൽ ലഭിച്ച 33 ലക്ഷം ഡോളർ എന്നതിനേക്കാൾ കുറവാണ് ഇത്തവണ ലഭിച്ചത്. ബ്ലോക്ക് കെബെക്ക്വ പാർട്ടിക്ക് ഈ പാദത്തിൽ 1 ലക്ഷം ഡോളറോളം മാത്രമാണ് നേടാനായത്. ഫെഡറൽ ബജറ്റ് പാസാക്കാൻ ലിബറൽ സർക്കാരിന് നിലവിൽ പിന്തുണയില്ലാത്തതിനാൽ, ഉടൻ തിരഞ്ഞെടുപ്പ് ഉണ്ടായേക്കാം എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ കണക്കുകൾ പുറത്തുവന്നത്.
