ടൊറന്റോ : കാനഡയിലെ അഞ്ച് പ്രവിശ്യകളിൽ വെള്ളിയാഴ്ച ശക്തമായ കൊടുങ്കാറ്റ് വീശിയടിച്ചതായി റിപ്പോർട്ട്. ഈസ്റ്റേൺ ഒന്റാരിയോയിലും സതേൺ കെബെക്കിലും കനത്ത മഴ ലഭിച്ചു. കെബെക്കിലെ സെന്റ്-കാലിക്സ്റ്റിൽ 77 മില്ലിമീറ്റർ വരെ മഴ രേഖപ്പെടുത്തിയതായി കാലാവസ്ഥാ വിഭാഗം അറിയിച്ചു. അറ്റ്ലാന്റിക് മേഖലയിൽ മണിക്കൂറിൽ 130 കി.മീ. വേഗതയിലാണ് കാറ്റ് വീശിയടിച്ചത്. ഇത് വൈദ്യുതി തടസ്സങ്ങൾക്കും വഴിയാത്രക്കാർക്ക് അപകടമുണ്ടാക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

മാരിടൈംസ് പ്രവിശ്യകളിൽ 50 മുതൽ 80 മില്ലിമീറ്റർ വരെ മഴയും കാറ്റും ഉണ്ടായി. എങ്കിലും, നോവസ്കോഷയുടെ ചില ഭാഗങ്ങളിലും സതേൺ ന്യൂബ്രൺസ്‌വിക്കിലും വൈകുന്നേരത്തോടെ മഴ കുറഞ്ഞത് ട്രീക്ക്-ഓർ-ട്രീറ്റിങ്ങിന് ഇറങ്ങിയ കുട്ടികൾക്ക് ആശ്വാസമായി. ന്യൂഫിൻലൻഡിലെ അവലോൺ പെനിൻസുലയുടെ ഭാഗങ്ങളിൽ മണിക്കൂറിൽ 90 കി.മീ വേഗത്തിൽ കാറ്റും വലിയ തിരമാലകളും പ്രതീക്ഷിച്ചിരുന്നു.

മുൻപ് ചുഴലിക്കാറ്റായിരുന്ന ‘മെലിസ’യുടെ ഈർപ്പം വലിച്ചെടുത്താണ് കാനഡയിൽ കൊടുങ്കാറ്റ് ശക്തിപ്പെട്ടത്. മെലിസ ചുഴലിക്കാറ്റ് നേരത്തെ ജമൈക്കയിലും ഹെയ്തിയിലുമായി അൻപതിലധികം ആളുകളുടെ മരണത്തിന് കാരണമായിരുന്നു.
