ഖാര്‍ത്തൂം: സുഡാനിലെ എൽ ഫാഷിർ നഗരം റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) പിടിച്ചടക്കിയതിനുശേഷം 2,000-ത്തിലധികം നിസ്സഹായരായ സാധാരണക്കാർ കൂട്ടക്കൊല ചെയ്യപ്പെട്ടതായി സുഡാൻ സർക്കാർ അറിയിച്ചു. ആഭ്യന്തര കലാപം രൂക്ഷമാകുന്ന സാഹചര്യത്തിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) നൂറുകണക്കിന് പേരെ നിരത്തിനിർത്തി കൂട്ടക്കൊല ചെയ്യുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. രാജ്യത്ത് അതീവ ഗുരുതര സാഹചര്യമാണെന്ന് ഐക്യരാഷ്‌ട്ര സംഘടന വ്യക്തമാക്കി. ഒരു വർഷത്തിലധികമായി സുഡാൻ സൈന്യവും വിമതസേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നുകൊണ്ടിരിക്കുകയാണ്.
സുഡാൻ സൈന്യം പട്ടാള ഭരണാധികാരി ജനറൽ അബ്ദേൽ ഫത്താ അൽ ബുർഹാൻ്റെ പിന്തുണയോടെയാണ് പ്രവർത്തിക്കുന്നത്. അതേസമയം വിമത സേനയെ നയിക്കുന്നത് ജനറൽ മുഹമ്മദ് ഹംദാൻ ഡഗാലോയാണ്. 2019-ൽ ഏകാധിപതി ഒമർ അൽ ബഷീറിനെ പുറത്താക്കിയതിനുശേഷം ആരംഭിച്ച അധികാര വടംവലിയാണ് ഈ ആഭ്യന്തരയുദ്ധത്തിന് അടിസ്ഥാനം. അടുത്തിടെ എൽ ഫാഷിർ നഗരം ആർ.എസ്.എഫ്. പിടിച്ചെടുത്തതോടെയാണ് കൂട്ടക്കൊലകൾക്ക് തുടക്കമായത്.

ന്യൂനപക്ഷ വിഭാഗങ്ങളെയും ആർ.എസ്.എഫിനെ എതിർക്കുന്നവരെയും ലക്ഷ്യമിട്ടാണ് അതിക്രൂരമായ കൊലപാതകങ്ങൾ നടക്കുന്നത്. രണ്ടു ദിവസങ്ങൾക്കുള്ളിൽ 2000 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ 90% വരുന്ന സുഡാനി അറബ് വംശജർ കൂടാതെ, ക്രിസ്‌ത്യാനികളും പ്രാദേശിക ഗോത്രവിഭാഗക്കാരുമാണ് അതിക്രമങ്ങൾക്കിരയാകുന്നത്. കൂട്ടക്കൊല തുടരുമ്പോഴും അന്താരാഷ്‌ട്ര തലത്തിൽ കാര്യമായ ഇടപെടലുകൾ ഉണ്ടായിട്ടില്ല എന്നത് പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നു.
