Saturday, November 1, 2025

ഫെഡറൽ ബജറ്റ് നാലിന്: ഇടക്കാല തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമോ? മത്സരിക്കാൻ തയ്യാറാണെന്ന് കാർണി

ഓട്ടവ: കാനഡയുടെ രാഷ്ട്രീയ ഭാവി നിർണ്ണയിക്കുന്ന നിർണ്ണായക നിമിഷങ്ങളിലേക്കാണ് രാജ്യം അടുത്തയാഴ്ച കടക്കുന്നത്. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ സർക്കാർ അവതരിപ്പിക്കുന്ന പുതിയ ബജറ്റ് നവംബർ 4-ന് പാർലമെന്റിൽ വെക്കും. എന്നാൽ, ഈ ബജറ്റ് പാർലമെന്റിൽ പരാജയപ്പെടുകയാണെങ്കിൽ കാനഡയിൽ ഒരു ഇടക്കാല പൊതുതിരഞ്ഞെടുപ്പിന് (Snap Election) കളമൊരുങ്ങുമെന്നാണ് ആശങ്ക. ഇതിനിടെ ചൊവ്വാഴ്ച അവതരിപ്പിക്കാൻ പോകുന്ന ഫെഡറൽ ബജറ്റിന് പിന്നാലെ ആവശ്യമെങ്കിൽ മത്സരിക്കാൻ താൻ തയ്യാറാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. ശരിയായ കാര്യത്തിനു വേണ്ടി നിലക്കൊള്ളാൻ താൻ തയ്യാറാണ്. ദക്ഷിണ കൊറിയയിൽ ഏഷ്യ പസഫിക് സാമ്പത്തിക സഹകരണ ഉച്ചക്കോടി സമാപന സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കാർണി. ബജറ്റ് പാസാക്കാൻ പിന്തുണ ലഭിക്കുമോ എന്ന ചോദ്യത്തിന് നൂറുശതമാനം ആത്മവിശ്വാസമുണ്ടെന്നായിരുന്നു മറുപടി. ഇത് കളിയല്ലെന്നും ആഗോള സമ്പദ്‌ വ്യവസ്ഥയിലെ ഒരു നിർണായക നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂരിപക്ഷ സർക്കാരിന് മൂന്ന് സീറ്റുകൾ കുറവായതിനാൽ തന്നെ ബജറ്റ് പാസാക്കാൻ ലിബറലുകൾക്ക് മറ്റൊരു പാർട്ടിയുടെ വോട്ട് ആവശ്യമായ സാഹചര്യത്തിലാണ് കാർണിയുടെ പുതിയ വിശദീകരണം.

കാർണി പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ ബജറ്റാണ് ചൊവ്വാഴ്ച അവതരിപ്പിക്കാൻ പോകുന്നത്. വിശ്വാസ വോട്ടെടുപ്പ് എന്ന നിലയിൽ കാർണി സർക്കാരിന്റെ ആദ്യ പരീക്ഷണവുമായിരിക്കും ബജറ്റ്. അതേ സമയം ബജറ്റിന്റെ വിശദാംശങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു. ബജറ്റിന് പിന്നാലെ തിരഞ്ഞെടുപ്പാണ് എതിർപാർട്ടികൾ ആഗ്രഹിക്കുന്നതെന്ന തരത്തിൽ ലിബററലുകളും കൺസർവേറ്റീവുകളും പരസ്പരം ആരോപണം ഉന്നയിക്കുന്നുണ്ട്. താൻ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടാറുണ്ടെന്നും ചർച്ച ചെയ്യാൻ തയ്യാറാണെന്നും പാർലമെന്റ് ഹില്ലിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഹൗസ് ലീഡർ സ്റ്റീവൻ മക് കിനോൺ പറഞ്ഞു.

പ്രതിപക്ഷം പിന്തുണയ്ക്കാത്ത ഒരു ബജറ്റ് തയ്യാറാക്കി തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമത്തിലാണ്‌ സർക്കാരെന്ന്‌ കൺസർവേറ്റീവ് ഹൗസ് നേതാവ് ആൻഡ്രൂ ഷീർ ആരോപിച്ചു. ബജറ്റിന് മുമ്പേ ഫെഡറൽ കമ്മി 42 ബില്യൺ ഡോളറിൽ താഴെയായി നിലനിർത്തുക എന്നതുൾപ്പെടെ കൺസർവേറ്റീവുകൾ നിരവധി ആവശ്യങ്ങൾ നേരത്തെ ഉന്നയിച്ചിരുന്നു. അതേസമയം, കഴിഞ്ഞ ആഴ്ച ഒട്ടാവ സർവകലാശാലയിലെ വിദ്യാർത്ഥികളോട് സംസാരിക്കവേ വരാനിരിക്കുന്ന ബജറ്റിൽ ‘തലമുറ നിക്ഷേപങ്ങൾ’ ഉൾപ്പെടുത്തുമെന്ന് കാർണി പറഞ്ഞു. ബജറ്റ്‌ പ്രഖ്യാപനത്തോടെ ചില ത്യാഗങ്ങൾ സഹിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!