അങ്കാറ : ഗാസ വെടിനിർത്തലും തുടർനടപടികളും ചർച്ച ചെയ്യാൻ ഏതാനും രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ തിങ്കളാഴ്ച തുർക്കിയിലെ ഇസ്താംബുളിൽ യോഗം ചേരും. നിലവിലെ സാഹചര്യത്തിൽ ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം നടത്തുന്നതിൽ തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ ആശങ്ക പ്രകടിപ്പിച്ചു. സെപ്റ്റംബറിൽ ന്യൂയോർക്കിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയ തുർക്കി, ഖത്തർ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ, ജോർദാൻ, പാക്കിസ്ഥാൻ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ മന്ത്രിമാർ ചർച്ചയിൽ പങ്കെടുക്കും. വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് എങ്ങനെ കടക്കാം, രാജ്യാന്തര സേനയെ നിയോഗിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചാവിഷയമാകും എന്ന് ഫിദാൻ അറിയിച്ചു.

അതേസമയം, ഗാസയിൽ രാജ്യാന്തര സേനയുടെ ഭാഗമായി തുർക്കി സൈന്യത്തെ അനുവദിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായുള്ള കൂടിക്കാഴ്ചയിലാണ് നെതന്യാഹു നിലപാട് അറിയിച്ചത്. എന്നാൽ ഗാസ വിഷയത്തിൽ തുർക്കിക്ക് ക്രിയാത്മകമായ പങ്ക് വഹിക്കാൻ കഴിയുമെന്നും, ഇസ്രയേലിന്റെ താൽപ്പര്യങ്ങൾക്കെതിരെ വിദേശ സൈനികരുടെ സാന്നിധ്യം യുഎസ് അടിച്ചേൽപ്പിക്കില്ലെന്നും വാൻസ് പ്രതികരിച്ചു. ഇതിനിടയിൽ, വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് പലസ്തീൻകാർ കൊല്ലപ്പെടുകയും, മുൻപ് കൊല്ലപ്പെട്ട 30 പലസ്തീൻകാരുടെ മൃതദേഹങ്ങൾ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ ഗാസ അതോറിറ്റിക്ക് കൈമാറുകയും ചെയ്തു.
