വാഷിങ്ടൺ: ഹെവി ഡ്യൂട്ടി ട്രക്കുകൾക്കും ബസുകൾക്കുമുള്ള പുതിയ നികുതി എർപ്പെടുത്തി യുഎസ്. ട്രക്കുകൾക്ക് 25% ബസുകൾക്ക് 10% തീരുവയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാജ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വിലയിരുത്തുന്ന സെക്ഷൻ 232 അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് ഭരണകൂടം ഈ തീരുമാനം കൈക്കൊണ്ടത്. യുഎസ്എംസിഎ കരാർ പ്രകാരം രാജ്യത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് ഭാഗികമായ ഇളവുകൾ ലഭ്യമാകും. ഈ കരാറിന് യോഗ്യതയുള്ള ട്രക്കുകൾക്ക് അവയുടെ യുഎസ് അല്ലാത്ത ഘടകങ്ങൾക്ക് മാത്രമേ 25 ശതമാനം തീരുവ ബാധകമാവുകയുള്ളൂ.

വാണിജ്യ വകുപ്പ് നടപടിക്രമങ്ങൾ സ്ഥാപിക്കുന്നതുവരെ ഇറക്കുമതി ചെയ്യുന്ന ട്രക്ക് ഭാഗങ്ങൾക്ക് നിലവിൽ തീരുവയുണ്ടാകില്ല. യുഎസിലേക്കുള്ള ട്രക്ക് ഇറക്കുമതിയുടെ ഭൂരിഭാഗവും നടക്കുന്നത് അടുത്ത അയൽരാജ്യങ്ങളായ മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമാണ്. ഈ പുതിയ തീരുവകൾ മെക്സിക്കോയുടെ വ്യാപാര മേഖലയ്ക്ക് ഇതിനോടകം കനത്ത തിരിച്ചടിയായിട്ടുണ്ട്. ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ യുഎസിലേക്കുള്ള ഹെവി വാഹനങ്ങളുടെ കയറ്റുമതി 26 ശതമാനത്തോളം കുറഞ്ഞതായാണ് റിപ്പോർട്ട്. വ്യവസായ മേഖലയിലെ മാന്ദ്യം മെക്സിക്കൻ സമ്പദ്‌വ്യവസ്ഥ മൂന്നാം പാദത്തിൽ 0.3% ആയി കുറഞ്ഞു. തീരുവകളുടെ ആഘാതം കുറയ്ക്കുന്നതിനായി മെക്സിക്കോ ട്രംപ് ഭരണകൂടവുമായുള്ള ചർച്ചകൾ തുടരുകയാണ്.
