വാഷിങ്ടൺ : വൈറ്റ്ഹൗസിൽ മാധ്യമപ്രവർത്തകർക്കുള്ള പ്രവേശനത്തിൽ നിയന്ത്രണം കർശനമാക്കിയതായി നാഷണൽ സെക്യൂരിറ്റി കൗൺസിൽ. പ്രസ് സെക്രട്ടറിയുടെ ഓഫീസ് സന്ദർശിക്കാൻ അംഗീകൃത മാധ്യമപ്രവവർത്തകർ ഇനിമുതൽ മുൻകൂർ അനുമതി തേടണം. ഇതോടെ മുൻകൂർ അനുമതി ഇല്ലാതെ അപ്പർ പ്രസ് എന്ന് അറിയപ്പെടുന്ന വൈറ്റ് ഹൗസിലെ 140 നമ്പർ റൂമിലേക്ക് മാധ്യമപ്രവർത്തകർക്ക് പ്രവേശിക്കാൻ കഴിയില്ല. സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായാണ് നടപടിയെന്ന് വൈറ്റ്ഹൗസ് വിശദീകരിച്ചു.

ഓവൽ ഓഫീസിന് സമീപം വെസ്റ്റ് വിങിലുള്ള പ്രസ് സെക്രട്ടറി കാരൊലിൻ ലീവിറ്റിന്‍റെയും മറ്റ് ഉന്നത കമ്മ്യൂണിക്കേഷൻ ഉദ്യോഗസ്ഥരുടെയും ഓഫീസുകളിലലേക്കുളള പ്രവേശനത്തിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. അംഗീകൃത മാധ്യമപ്രവർത്തകർക്ക് വൈറ്റ്ഹൗസിൽ പ്രസ് സെക്രട്ടറി കാരൊലിൻ ലീവിറ്റ്, ഡെപ്യൂട്ടി സ്റ്റീവൻ ച്യൂങ്, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുമായി സംസാരിക്കുന്നതിന് ഓവൽ ഓഫീസിലെ 140-നമ്പർ മുറിയിൽ എത്താമായിരുന്നു. ഇതിനാണ് ഇപ്പോൾ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
