എഡ്മിൻ്റൻ: ആല്‍ബര്‍ട്ട വിദ്യാഭ്യാസ മന്ത്രി ഡിമിട്രിയോസ് നിക്കോളൈഡ്സിനെ തിരിച്ചുവിളിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ തന്റെ ആറുവര്‍ഷക്കാലത്തെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് മന്ത്രി. തന്റെ മണ്ഡലത്തിലെ ആളുകള്‍ക്കാണ് തന്റെ മികച്ച നേട്ടങ്ങള്‍ വിശദീകരിക്കുന്ന കാര്‍ഡുകള്‍ നിക്കോളൈഡ്സ് ഇമെയിൽ വഴി അയച്ചത്. ആല്‍ബര്‍ട്ടയുടെ ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ നടത്തിയ പ്രവര്‍ത്തനങ്ങളാണ് പട്ടികയിലുള്ളത്. വാലിറിഡ്ജ് നോയ്സ് വാള്, ക്ളാസ് മുറികളിലെ മൊബൈല്‍ ഫോണ്‍ നിരോധനം, പ്രത്യേക ആവശ്യങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം, 130 സ്കൂളുകളുടെ പുനരുദ്ധാരണം തുടങ്ങിയ നിരവധി പദ്ധതികളെ കുറിച്ച് ഈ കാര്‍ഡില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

നിക്കോളൈഡ്സ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകര്‍ നേരത്തെ സമരം ചെയ്തിരുന്നു. തിരക്കേറിയ ക്ലാസ് മുറികളും ജീവനക്കാരുടെ കുറവും ഉള്‍പ്പെടെയുള്ള നിരവധി വെല്ലുവിളി നേരിടുന്നതിനാല്‍ പൊതുവിദ്യാഭ്യാസ സംവിധാനം കൈകാര്യം ചെയ്യുന്നതില്‍ നിക്കോളൈഡ്സ് പരാജയപ്പെടുന്നു എന്നതായിരുന്നു പൊതുവേയുള്ള ആരോപണം. സര്‍ക്കാര്‍ നയങ്ങളില്‍ ജനങ്ങള്‍ അതൃപ്തിയുള്ളപ്പോള് തിരിച്ചുവിളിക്കല്‍ പ്രക്രിയ ഉപയോഗിക്കരുതെന്നും ഇത് വ്യക്തിയെയല്ല, പാര്‍ട്ടിയെയാണ് ലക്ഷ്യമിടുന്നതെന്നുമായിരുന്നു വിമര്‍ശനങ്ങള്‍ക്കുള്ള മന്ത്രിയുടെ മറുപടി.
