മനില: ചൈനയുടെ കടന്നാക്രമണം ചെറുക്കാൻ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് കാനഡയും ഫിലിപ്പീൻസും. ഇൻഡോ-പസഫിക്കിൽ പാശ്ചാത്യ സൈനിക സാന്നിധ്യം വർദ്ധിപ്പിക്കുന്ന നടപടിയുടെ ഭാഗമാണ് ഈ നീക്കം. മനിലയിൽ നടന്ന യോഗത്തിലെ സ്റ്റാറ്റസ് ഓഫ് വിസിറ്റിംഗ് ഫോഴ്സസ് എഗ്രിമെന്റിൽ (SOVFA) ഇരു രാജ്യങ്ങളുടെയും പ്രതിരോധ സെക്രട്ടറിമാർ ഒപ്പ് വെയ്ക്കും. വിദേശ സൈനികർക്ക് ആയുധങ്ങളുമായി സന്ദർശിക്കാനും സംയുക്ത യുദ്ധാഭ്യാസങ്ങൾ നടത്താനും നിയമപരമായ അടിത്തറ കരാർ വഴി ലഭിക്കും.

ശക്തരായ രാജ്യങ്ങൾ സ്വാർത്ഥ ലാഭത്തിനായി നിയമങ്ങൾ മാറ്റിയെഴുതുന്നതിനെ ചെറുക്കാൻ ഈ ഉടമ്പടി പ്രധാനമാണെന്ന് ഫിലിപ്പീൻസ് പ്രതിരോധ സെക്രട്ടറി ഗിൽബെർട്ടോ തിയോഡോറോ ജൂനിയർ അറിയിച്ചു. യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ, ന്യൂസിലൻഡ് എന്നിവയ്ക്ക് ശേഷം ഫിലിപ്പീൻസ് ഒപ്പിടുന്ന മൂന്നാമത്തെ കരാറാണിത്. സ്കാർബറോ ഷോളിലെ ചൈനയുടെ നീക്കങ്ങളെ കാനഡയും ഫിലിപ്പീൻസും രൂക്ഷമായി വിമർശിച്ചിരുന്നു. കൂടാതെ ഫിലിപ്പീൻസ് കപ്പലുകൾക്കെതിരെ ചൈന ജല പീരങ്കി ഉപയോഗിച്ചതിനെയും കാനഡ അപലപിച്ചു. നിലവിൽ കാനഡയുടെ ‘ഡാർക്ക് വെസ്സൽ ഡിറ്റക്ഷൻ സിസ്റ്റം’ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചൈനീസ് കപ്പലുകളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ ഫിലിപ്പീൻസിന് സാധിക്കുന്നതായി അധികൃതർ അറിയിച്ചു.
