ലണ്ടൻ: യുകെയിലെ കെന്റിൽ മലയാളി നഴ്‌സ് അന്തരിച്ചു. കാൻസർ ചികിത്സയ്ക്കിടെയാണ് കെന്റിലെ മെഡ് വേ എൻഎച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റലിലെ നഴ്‌സായ ആൻസി ജോൺ (സോണിയ, 46) വിടപറഞ്ഞത്. എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിനിയാണ്. 2005ലാണ് യുകെയിൽ എത്തുന്നത്. തിരുവനന്തപുരം സ്വദേശിയായ ഭർത്താവ് ഡോ. കെ. പി. പദ്മകുമാറിനും മകൻ നവീനുമൊപ്പം കെന്റിലെ ഗില്ലിങ്ങാമിൽ താമസിക്കുകയായിരുന്നു. ആറുവർഷം മുൻപാണ് കാൻസർ രോഗം തുടങ്ങിയത്. ചികിത്സകൾക്ക് ശേഷം ഭേദമായി വരികെ ഏതാനും മാസങ്ങൾക്ക് മുൻപ് വീണ്ടും രോഗം കൂടുകയായിരുന്നു. ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിൽ തന്നെ ചികിത്സയിലിരിക്കെ ആണ് കഴിഞ്ഞ ദിവസം ആൻസി മരിച്ചത്.

രോഗം വീണ്ടും വന്നതിനെ തുടർന്ന് നാട്ടിൽ നിന്നും മാതാപിതാക്കളായ മുണ്ടഞ്ചിറ ജോൺ, ലൂസി എന്നിവർ യു.കെയിൽ എത്തിയിരുന്നു. നാലുമാസമായി ഇവർ ആൻസിക്കൊപ്പം യുകെയിൽ ഉണ്ട്. സഹോദരങ്ങൾ: ജോൺ മുണ്ടഞ്ചിറ (ഗില്ലിങ്ങാം, യുകെ), സന്ദീപ് ജോൺ (ബാംഗ്ലൂർ). സംസ്‌കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
