കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിൽ തിങ്കളാഴ്ച പുലർച്ചെ 6.3 തീവ്രത രേഖപ്പെടുത്തി ശക്തമായ ഭൂകമ്പം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്). ആയിരക്കണക്കിന് പേരുടെ മരണത്തിന് കാരണമായ ഭൂചലനം നടന്ന് രണ്ട് മാസത്തിന് ശേഷം വീണ്ടും പല പ്രവിശ്യകളെയും നടുക്കിയ ഈ ഭൂകമ്പം കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കുമെന്ന ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. യുഎസ്ജിഎസ് ഡാറ്റ പ്രകാരം, ഹിന്ദുക്കുഷ് മേഖലയിലെ മസാർ-ഇ-ഷെരീഫ് നഗരത്തിന് സമീപമുള്ള ഖോം ജില്ലയിലാണ് ഭൂചലനം ഉണ്ടായത്. നേരത്തെ കണക്കാക്കിയ 10 കിലോമീറ്ററിന് പകരം 28 കിലോമീറ്റർ (17 മൈൽ) ആഴത്തിലാണ് ഭൂകമ്പം രേഖപ്പെടുത്തിയത്.

നാശനഷ്ടങ്ങളെയും ആളപായങ്ങളെയും കുറിച്ചുള്ള റിപ്പോർട്ടുകൾ ഇപ്പോൾ ശേഖരിച്ചുവരികയാണെന്നും, വിലയിരുത്തലുകൾ പൂർത്തിയാക്കിയ ശേഷം വിവരങ്ങൾ പങ്കുവെക്കുമെന്നും രാജ്യത്തെ ദേശീയ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. സമീപവാസികൾക്ക് ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ വീടുകളിൽ നിന്ന് ഓടി രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഭൂകമ്പബാധിത പ്രദേശങ്ങളിലെ തുടർചലനങ്ങളും നാശനഷ്ടങ്ങളും അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
