ന്യൂയോർക്ക്: വാഹനം നന്നായി ഓടിച്ചാൽ പോരാ, ഇംഗ്ളീഷ് നന്നായി അറിയില്ലെങ്കിൽ ഇനി യു.എസിൽ ഡ്രൈവർ ജോലി ഇല്ല. ഇംഗ്‌ളീഷ് പ്രാവീണ്യ പരീക്ഷയിൽ തോറ്റ 7,200 വാണിജ്യ ട്രക്ക് ഡ്രൈവർമാരെയാണ് ഒറ്റയടിക്ക് അയോഗ്യരാക്കിയത്. റോഡുകളിൽ വാഹനാപകടങ്ങൾ കൂടി വരുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. അയോഗ്യരായവരിൽ ഇന്ത്യൻ വംശജരാണ് ഏറെയും. ഫെഡറൽ മോട്ടോർ കാരിയർ സേഫ്റ്റി അഡ്മിനിസ്‌ട്രേഷൻ (എഫ്.എം.സി.എസ്.എ) കണക്കുകൾ പ്രകാരം ജൂലായ്ക്ക് ശേഷം 1,500 പേർക്കെതിരെ നടപടി വന്നിരുന്നു. ഇവരിലും ഇന്ത്യക്കാരാണ് കൂടുതലും.

ഇന്ത്യൻ വംശജരായ 130,000–150,000 പേരാണ് യു.എസിൽ ഡ്രൈവർമാരാണ് ഉപജീവനം ചെയ്യുന്നത്. അവരെയെല്ലാം നേരിട്ട് ബാധിക്കുന്നതാണ് ഗതാഗത വകുപ്പിന്റെ നടപടി എന്നാണ് സൂചന. റോഡിൽ തത്സമയം നടത്തിയ ഇംഗ്ളീഷ് ഭാഷാ പ്രാവീണ്യ പരിശോധനയെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. നടപടി യു.എസ് ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി സീൻ ഡുഫി സ്ഥിരീകരിച്ചു. ഒക്ടോബറിൽ കാലിഫോർണിയ ഹൈവേയിൽ ട്രക്ക് പാതയോരത്തേക്ക് പാഞ്ഞുകയറി മൂന്നുപേർ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഇന്ത്യൻ വംശജനായ ഹർജീന്ദർ സിംഗ് അനധികൃത കുടിയേറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. ഇയാൾക്ക് കാലിഫോർണിയ കൊമേഴ്‌സ്യൽ ഡ്രൈവർ ലൈസൻസ് (സി.ഡി.എൽ) ഉണ്ടെങ്കിലും ഭാഷാപരിശോധനയിൽ പലവട്ടം പരാജയപ്പെട്ടതായും കണ്ടെത്തിയിരുന്നു. ഒബാമ ഭരണത്തിൽ ഈ നിയമത്തിൽ ഇളവുകൾ ഉണ്ടായിരുന്നെങ്കിലും പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമങ്ങളെല്ലാം വീണ്ടും കർശനമാക്കി. ഇതുപ്രകാരം ഈ വർഷം ജൂൺ 25 മുതൽ ഇംഗ്ലീഷ് ഭാഷാ പരീക്ഷകളിൽ പരാജയപ്പെടുന്ന ഡ്രൈവർമാരെ ഉടനടി ഡീബാർ ചെയ്യും.
