തിരുവനന്തപുരം: ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയെ ചവിട്ടി താഴെയിട്ട സംഭവത്തില്‍ പ്രതിയായ സുരേഷ് കുമാര്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ തര്‍ക്കമുണ്ടായതായി സമ്മതിച്ചു. ട്രെയിനിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
വര്‍ക്കലയില്‍ വെച്ച് ട്രെയിനില്‍ നിന്ന് തള്ളിയിട്ട 19 വയസ്സുകാരി ശ്രീക്കുട്ടിയെയാണ് സുരേഷ് കുമാര്‍ ആക്രമിച്ചത്. റെയില്‍വേ പോലീസിന്റെ ചോദ്യം ചെയ്യലില്‍, ട്രെയിനിന്റെ വാതിലില്‍ നില്‍ക്കുന്നതിനെച്ചൊല്ലി യുവതിയുമായി വഴക്കുണ്ടായതായി സുരേഷ് കുമാര്‍ സമ്മതിച്ചു. ഈ പ്രകോപനമാണ് യുവതിയെ പിന്നില്‍ നിന്ന് ചവിട്ടി പുറത്തേക്ക് വീഴ്ത്താന്‍ കാരണമായതെന്നും പോലീസ് പറയുന്നു. ഇയാള്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്തിരുന്നത്.

കോട്ടയത്ത് നിന്ന് ട്രെയിനില്‍ കയറിയ സുരേഷ് കുമാര്‍ അമിതമായി മദ്യപിച്ചിരുന്നു. ശുചിമുറി ഭാഗത്തായിരുന്നു ഇയാള്‍ നിന്നിരുന്നത്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ശുചിമുറിയിലേക്ക് പോയ സമയത്താണ് സുരേഷിന്റെ ആക്രമണം. ആദ്യ ഘട്ടത്തില്‍ താനല്ല ആക്രമണം നടത്തിയതെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി ശ്രമിച്ചെങ്കിലും, തെളിവുകളുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ആക്രമണത്തില്‍ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. നിലവില്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് യുവതിയെ സര്‍ജറി ഐസിയുവിലേക്ക് മാറ്റിയിരിക്കുന്നത്. പനിച്ചുമൂട് സ്വദേശിയായ സുരേഷ് കുമാറിന്റെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
