തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് തൃശൂരില്‍ പ്രഖ്യാപിക്കും. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. പ്രകാശ് രാജ് അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
മികച്ച നടന്‍, നടി, ചിത്രം ഉള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ അന്തിമ വിജയികളെയാണ് ഇന്ന് പ്രഖ്യാപിക്കുക. 128 എന്‍ട്രികളാണ് ഇത്തവണ പുരസ്‌കാരത്തിനായി സമര്‍പ്പിക്കപ്പെട്ടത്. ഇതില്‍ നിന്ന് 35ഓളം ചിത്രങ്ങള്‍ ജൂറിയുടെ അന്തിമ പരിഗണനയ്ക്ക് വന്നു എന്നാണ് സൂചന.

മികച്ച നടനുള്ള പുരസ്‌കാരത്തിനായി പ്രമുഖ താരങ്ങള്‍ അവസാന റൗണ്ടില്‍ ഉണ്ട്. മമ്മൂട്ടിയും ആസിഫ് അലിയുമാണ് നടന്മാരുടെ വിഭാഗത്തില്‍ ശക്തമായ മത്സരരംഗത്തുള്ളത്. ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമണ്‍ പോറ്റിയായുള്ള പ്രകടനത്തിനാണ് മമ്മൂട്ടിക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങളിലും അവസാന റൗണ്ടില്‍ മമ്മൂട്ടി എത്തിയിരുന്നു. 53-ാമത് പുരസ്‌കാരം നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ അദ്ദേഹം സ്വന്തമാക്കിയിരുന്നു.
കിഷ്‌കിന്ധാകാണ്ഡം, ലെവല്‍ ക്രോസ്സ് എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ആസിഫ് അലിയെ അവസാന റൗണ്ടില്‍ എത്തിച്ചത്. ടൊവിനോ തോമസ്, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരും മികച്ച നടനുള്ള പുരസ്‌കാരത്തിനായി പരിഗണനയിലുണ്ട്. നടിമാരുടെ വിഭാഗത്തില്‍ അനശ്വര രാജന്‍, ദര്‍ശന രാജേന്ദ്രന്‍, ജ്യോതിര്‍മയി, ഷംല ഹംസ എന്നിവര്‍ മുന്‍നിരയില്‍ ഉണ്ട്.
