അഫ്ഗാനിസ്ഥാനിലെ വടക്കന്‍ മേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 10 പേര്‍ മരണപ്പെടുകയും 260-ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മസാര്‍ ഇ ഷരീഫ് നഗരത്തിലും പരിസരങ്ങളിലുമാണ് (523,000 പേര്‍ താമസിക്കുന്ന പ്രദേശം) ഭൂചലനം വലിയ നാശനഷ്ടങ്ങള്‍ വിതച്ചത്.
ബാല്‍ഖ്, സമന്‍ഗന്‍ പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും ഭൂചലനം കനത്ത നാശനഷ്ടമുണ്ടാക്കിയതായി അഫ്ഗാന്‍ താലിബാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും, അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവരികയും ചെയ്തിട്ടുണ്ട്.

സൈന്യത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരുക്കേറ്റവര്‍ക്ക് ചികിത്സ, മരുന്ന്, ഭക്ഷണം എന്നിവ എത്തിച്ചു നല്‍കി വരുന്നതായി അഫ്ഗാനിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഭൂചലനത്തെ തുടര്‍ന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (USGS) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലും അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനമുണ്ടായിരുന്നു. അതില്‍ ആയിരത്തോളം പേര്‍ മരണപ്പെടുകയും വന്‍ നാശനഷ്ടങ്ങളുണ്ടാകുകയും ചെയ്തിരുന്നു.
